Malaikottai Vaaliban: മമ്മൂക്കയ്ക്ക് കുറച്ച് നിര്‍ദേശങ്ങള്‍ കൊടുക്കേണ്ടി വന്നു, ലാലേട്ടന് അത്ര പോലും വേണ്ടിവന്നില്ല; ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകള്‍
Malaikottai Vaaliban: മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'മലൈക്കോട്ടൈ വാലിബന്‍' ജനുവരി 25 ന് തിയറ്ററുകളിലെത്തുകയാണ്. ആരാധകര്‍ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. സിനിമ പോസ്റ്ററുകളില്‍ ലിജോ പറയുന്നതു പോലെ മോഹന്‍ലാലിന്റെ പുതിയൊരു അവതാരമാകുമോ വാലിബന്‍ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മലൈക്കോട്ടൈ വാലിബന്‍ പ്രചാരണത്തിന്റെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് ലിജോ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മമ്മൂട്ടിയെ നായകനാക്കി ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ആണ് ലിജോയുടെ അവസാന ചിത്രം. അതിനു പിന്നാലെയാണ് മോഹന്‍ലാല്‍ ചിത്രം വാലിബന്റെ വര്‍ക്കുകള്‍ തുടങ്ങിയത്. മലയാളത്തിന്റെ മഹാനടന്‍മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം വര്‍ക്ക് ചെയ്തതിന്റെ അനുഭവം ചോദിച്ചപ്പോഴാണ് ലിജോയുടെ രസകരമായ വാക്കുകള്‍. നന്‍പകല്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടിക്ക് അധികം നിര്‍ദേശങ്ങള്‍ നല്‍കാതിരിക്കാനാണ് താന്‍ ശ്രദ്ധിച്ചതെന്ന് ലിജോ പറഞ്ഞിരുന്നു. മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിലേക്ക് എത്തുമ്പോള്‍ അങ്ങനെ തന്നെയായിരുന്നോ എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ലിജോയോട് ചോദിച്ചത്. നന്‍പകല്‍ നേരത്ത് മയക്കത്തില്‍ നിന്ന് ചെറിയൊരു വ്യത്യാസം ഇവിടെയുണ്ടെന്നും മോഹന്‍ലാലിനു യാതൊരു നിര്‍ദേശവും കൊടുക്കേണ്ട ആവശ്യം വന്നില്ലെന്നും ലിജോ ചിരിച്ചുകൊണ്ട് പറഞ്ഞു.
മോഹന്‍ലാല്‍, ഹരീഷ് പേരടി, സോനാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. പി.എസ്.റഫീഖും ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് തിരക്കഥ. ജോണ്‍ ആന്റ് മേരി ക്രിയേറ്റിവ്, സെഞ്ചുറി ഫിലിംസ്, മാക്സ് ലാബ് സിനിമാസ്, യൂഡ്ലി ഫിലിംസ്, ആമേന്‍ മൂവി മൊണാസ്ട്രി എന്നിവരുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള, ക്യാമറ മധു നീലകണ്ഠന്‍.