സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത ചിത്രമാണ് 'രോമാഞ്ചം'. ഫെബ്രുവരി മൂന്നിന് സിനിമ പ്രദര്‍ശനത്തിന് പ്രദര്‍ശനത്തിന് എത്തുമ്പോള്‍ നിര്‍മ്മാതാവ് ജോണ്‍പോള്‍ ജോര്‍ജിന് പറയാനുള്ളത് ഒരു കാര്യമാണ്.'അന്ന് ഗപ്പി തീയറ്ററില്‍ കാണാന്‍ പറ്റാതിരുന്നപ്പോള്‍ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ..... അത് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാന്‍ ഉപയോഗിച്ചാല്‍ എനിക്ക് ഇനിയും മുന്നോട്ട് പോകാനാകും.ഒരു റീ-റിലീസിങ്ങിനും കൂടിയുള്ള ത്രാണി എനിക്കില്ല.ഇനി ഒരു സിനിമ ചെയ്യാന്‍ ഞാന്‍ വരുമോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ'-ജോണ്‍പോള്‍ ജോര്‍ജ് കുറിക്കുന്നു.
ജോണ്‍പോള്‍ ജോര്‍ജിന്റെ വാക്കുകള്‍
രോമാഞ്ചം വെള്ളിയാഴ്ച തീയറ്ററില്‍ വരുകയാണ്, കച്ചവടത്തിന്റെ കണക്ക് പുസ്തകമെല്ലാം തകരുകയും തകര്‍ക്കപ്പെടുകയും ചെയ്തപ്പോള്‍ ജീവിതവും കരിയറുമെല്ലാം പണയത്തിലായി..
ഇനി നിങ്ങള്‍ പ്രേക്ഷകരില്‍ മാത്രമാണ് ഏക പ്രതീക്ഷ. നിങ്ങള്‍ക്ക് മുന്നില്‍ വന്ന് കൈകൂപ്പി കരഞ്ഞു ടിക്കറ്റെടുക്കണമെന്ന് അപേക്ഷിക്കണമെന്നുണ്ട്, എന്റെ ആത്മാഭിമാനം അതിനനുവദിക്കുന്നില്ല, നിങ്ങള്‍ക്കും അതിഷ്ടമാവില്ല.....അതുകൊണ്ട് ചോദിക്കുവാ, അന്ന് ഗപ്പി തീയറ്ററില്‍ കാണാന്‍ പറ്റാതിരുന്നപ്പോള്‍ നിങ്ങളെനിക്ക് വച്ച് നീട്ടിയ ആ ടിക്കറ്റിന്റെ പൈസയില്ലേ..... അത് രോമാഞ്ചത്തിനായ് ഒരു ടിക്കറ്റെടുക്കാന്‍ ഉപയോഗിച്ചാല്‍ എനിക്ക് ഇനിയും മുന്നോട്ട് പോകാനാകും.ഒരു റീ-റിലീസിങ്ങിനും കൂടിയുള്ള ത്രാണി എനിക്കില്ല.
പ്രതിസന്ധികളിലൂടെയും കുറ്റപ്പെടുത്തലുകളിലൂടെയും കടന്നുപോയപ്പോള്‍ ഒപ്പം നിന്ന ഗിരീഷിനും, ജോബി ചേട്ടനും, സമീറിക്കക്കും,അസ്സീമിക്കക്കും, ഷാജി സാറിനും, പ്രീയപ്പെട്ട സുഹൃത്തുക്കള്‍ക്കും പ്രാര്‍ത്ഥനയോടെ കൂടെ നിന്നവര്‍ക്കും നന്ദി പറയുന്നു...
രോമാഞ്ചത്തിന്റെ പ്രമോഷനും, ട്രെയിലറും, പാട്ടുകളും നിങ്ങള്‍ ഹൃദയത്തില്‍ ഏറ്റെടുത്തുവെന്നറിയാം. വഴിയില്‍ ഹോര്‍ഡിംഗ്‌സുകള്‍ കുറവാണെന്നറിയാം നേരത്തെ റിലീസ് ചെയ്യാനിരുന്നപ്പോള്‍ അതെല്ലാമുണ്ടായിരുന്നു. ഇനിയും വെച്ചാല്‍ വീണ്ടും വലിയ നഷ്ടമുണ്ടാകും, നിങ്ങള്‍ക്ക് അത് മനസ്സിലാകും.
കേരളത്തിലെ ഏറ്റവും മികച്ച തീയറ്ററുകളിലാണ് രോമാഞ്ചം സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് പ്രദര്‍ശിപ്പിക്കുന്നത്, ധൈര്യമായി കാണാം ഈ സിനിമ, അതെന്റെ ഉറപ്പാണ്. ഇഷ്ടപ്പെട്ടാല്‍ മറ്റുള്ളവരോടും കാണാന്‍ പറയണം, ഒരു പുതുതലമുറയുടെ പ്രതീക്ഷയാണ് നിരാശപ്പെടുത്തില്ല.
ചിരിക്കാന്‍, സന്തോഷിക്കാന്‍ ഒരു നല്ല തീയറ്റര്‍ അനുഭവത്തിനായ് നമുക്ക് കാത്തിരിക്കാം, ഫെബ്രുവരി -3. ബുക്കിംങ് ആരംഭിച്ചിട്ടുണ്ട്..
ഈ യാത്രയില്‍ ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചുവെങ്കില്‍ എന്നോട് ക്ഷമിക്കണം, ഒപ്പം നിക്കണം, ശരിക്കും കച്ചിത്തുരുമ്പാണ്.
രോമാഞ്ചത്തിന്റെ ഓട്ടം ഞാന്‍ പൂര്‍ത്തിയാക്കി.. ഇനി ഒരു സിനിമ ചെയ്യാന്‍ ഞാന്‍ വരുമോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ.....