ഫഹദിന്റെ പ്രകടനം കണ്ട് മമ്മൂക്കയും ഞെട്ടി, പഹയന്‍ കാലനാണല്ലോ എന്നാണ് ആ ഷോട്ട് കണ്ട് പറഞ്ഞത്: ലാല്‍ ജോസ്

അഭിറാം മനോഹർ
ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (11:45 IST)
മീശമാധവന്‍,ക്ലാസ്‌മേറ്റ്‌സ്, അയാളും ഞാനും തമ്മില്‍ തുടങ്ങി മലയാളികള്‍ എന്നെന്നും ഹൃദയത്തോട് ചേര്‍ത്തുവെച്ച ഒരുപിടി സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. അവസാനമായി ഇറങ്ങിയ ലാല്‍ ജോസ് പടങ്ങള്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും വമ്പന്‍ ക്യാന്‍വാസില്‍ പുതിയ സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ലാല്‍ ജോസ്. കെ എന്‍ പ്രശാന്തിന്റെ പൊനം എന്ന നോവലിനെ ആസ്പദമാക്കിയൊരുക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലാകും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക.
 
 ഇപ്പോഴിതാ ഫഹദുമായുള്ള തന്റെ അനുഭവങ്ങളെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് ലാല്‍ ജോസ്. അഭിനയത്തെ റീഡിഫൈന്‍ ചെയ്യുന്ന നടനാണെന്ന്  പണ്ട് ഒരു അഭിമുഖത്തില്‍ താന്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ അന്നത് പലരും കാര്യമാക്കിയില്ലെന്നും ലാല്‍ ജോസ് പറയുന്നു. എന്നാല്‍ ഇക്കാര്യത്തെ പറ്റി മമ്മൂട്ടി തന്നോട് ചോദിച്ചതെന്നും അത് അദ്ദേഹത്തിന് വിശദമാക്കികൊടുത്തെന്നും ലാല്‍ ജോസ് പറയുന്നു.
 
 ഡയമണ്ട് നെക്ലേസ് എന്ന സിനിമയില്‍ ഫഹദിന്റെ കഥാപാത്രം ലേബര്‍ ക്യാമ്പില്‍ നിന്ന് വീണ്ടും സംവൃതയുടെ ഫ്‌ളാാറ്റില്‍ വരുന്ന സീന്‍ ഉണ്ട്. ഫഹദിന്റെ കഥാപാത്രം സുഹൃത്തിന് മുന്നില്‍ ഒന്നുമല്ലാതാകുന്ന സാഹചര്യമാണ് ആ സീനില്‍. ആ സീനില്‍ ഫഹദിന്റെ കണ്ണിന് ഒരു പ്രത്യേകഭാവമായിരുന്നുവെന്നും ആ ഭാവം മറ്റൊരു നടനിലും താന്‍ കണ്ടിട്ടില്ലെന്നും ലാല്‍ ജോസ് പറയുന്നു. ആ സീന്‍ മമ്മൂട്ടിക്ക് കാണിച്ച് കൊടുത്തപ്പോള്‍ ആ സീന്‍ കണ്ട് പഹയന്‍ കാലനാണല്ലോ എന്നാണ് മമ്മൂട്ടി പറഞ്ഞതെന്നും ലാല്‍ ജോസ് കൂട്ടിചേര്‍ത്തു. റെഡ് എഫ് എം മലയാളത്തിനോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ ലാല്‍ ജോസ് പറഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article