JSK: ജാനകിയെന്നു വിളിക്കുന്നിടത്ത് മ്യൂട്ട്; വിവാദങ്ങള്‍ക്കൊടുവില്‍ സുരേഷ് ഗോപി ചിത്രം തിയറ്ററുകളിലേക്ക്

രേണുക വേണു

ശനി, 12 ജൂലൈ 2025 (09:21 IST)
JSK: സുരേഷ് ഗോപി ചിത്രം ജെ.എസ്.കെ (ജാനകി വി. വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള) ഈ മാസം തന്നെ തിയറ്ററുകളിലെത്തും. സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തിനു അവസാനമായി. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശത്തിനനുസരിച്ച് ചിത്രത്തിന്റെ പേരിലും ചില ഭാഗങ്ങളിലും അണിയറപ്രവര്‍ത്തകര്‍ മാറ്റം വരുത്തി. 
 
പുതുക്കിയ പതിപ്പിനു ഇന്ന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചേക്കും. ചിത്രത്തില്‍ നടി അനുപമ പരമേശ്വരന്‍ ആണ് ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിലെ സുപ്രധാന ഭാഗമായ കോടതി രംഗത്തില്‍ ഈ കഥാപാത്രത്തെ ജാനകി എന്നു പേരെടുത്ത് വിളിക്കുന്നുണ്ട്. ജാനകി എന്നു വിളിക്കുന്ന ഈ ഭാഗങ്ങള്‍ മ്യൂട്ട് ചെയ്താണ് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്കായി അയച്ചിരിക്കുന്നത്. രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തില്‍ 'ജാനകി' മ്യൂട്ട് ചെയ്തിരിക്കുന്നത്. 
 
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് ചിത്രത്തിന്റെ പേരിനൊപ്പമുള്ള സബ്‌ടൈറ്റില്‍. ഇതില്‍ ജാനകി എന്നതിനൊപ്പം 'വി' കൂടി ചേര്‍ത്തു. ജാനകി വി. വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് ഇനി സബ്‌ടൈറ്റില്‍. ജാനകി എന്ന പേര് പൂര്‍ണമായി മാറ്റണമെന്നാണ് ആദ്യം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. എന്നാല്‍ അങ്ങനെ ചെയ്യേണ്ടിവന്നാല്‍ 96 ഭാഗങ്ങളില്‍ കട്ട് വേണ്ടിവരുമെന്നും പ്രയാസകരമാണെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. ഇതോടെ ജാനകിക്കൊപ്പം വി ചേര്‍ത്താല്‍ മതിയെന്ന നിലപാടിലേക്ക് സെന്‍സര്‍ ബോര്‍ഡ് എത്തി. മാറ്റങ്ങള്‍ വരുത്തിയ പതിപ്പിനു സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചാല്‍ തൊട്ടുപിന്നാലെ റിലീസ് തിയതി പ്രഖ്യാപിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍