സുരേഷ് ഗോപിയെ നായകനാക്കി പ്രവിണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' (ജെ.എസ്.കെ) റിലീസ് വിവാദമാണ് രാവണപ്രഭു ട്രോളുകള്‍ക്കു പിന്നില്‍. ജെ.എസ്.കെ സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. ജാനകി എന്നത് ദൈവത്തിന്റെ പേരാണെന്നും മതവികാരം വ്രണപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍. ഈ പശ്ചാത്തലത്തിലാണ് രാവണപ്രഭുവിലെ നായിക കഥാപത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍.
വസുന്ധര ദാസാണ് രാവണപ്രഭുവില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 'ജാനകി' എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. മതവികാരം വ്രണപ്പെടുമെന്ന് പറഞ്ഞ് രാവണപ്രഭുവിലെ നായിക കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം. മാത്രമല്ല രാവണപ്രഭുവില്‍ രാമയണത്തിലെ ചില ഭാഗങ്ങള്‍ നായിക കഥാപാത്രവുമായി ബന്ധപ്പെടുത്തി പരാമര്‍ശിക്കുന്നുണ്ട്. സെന്‍സര്‍ ബോര്‍ഡിലെ അംഗങ്ങള്‍ ഈ രംഗങ്ങള്‍ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെടാനും സാധ്യതയുണ്ടെന്നാണ് ട്രോളുകള്‍.