Vismaya Mohanlal: മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെയാണ് വിസ്മയ സിനിമ കരിയറിനു തുടക്കം കുറിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും അഭിനയിക്കുമെന്നാണ് വിവരം. ആശിര്‍വാദ് സിനിമാസിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വിസ്മയയുടെ സിനിമ എന്‍ട്രിയുമായി ബന്ധപ്പെട്ട സര്‍പ്രൈസ് പ്രഖ്യാപനം.
' പ്രിയപ്പെട്ട മായക്കുട്ടി, സിനിമയുമായുള്ള ആയുഷ്‌കാല പ്രണയത്തിന്റെ ആദ്യപടിയാകട്ടെ നിന്റെ 'തുടക്കം' ' വിസ്മയയുടെ സിനിമ അരങ്ങേറ്റം പ്രഖ്യാപിച്ച് നടന്‍ മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നിലവില്‍ സിനിമയില്‍ സജീവമാണ്. മകനു പിന്നാലെ മകളും സിനിമയിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ലാല്‍. ഈ വര്‍ഷം അവസാനത്തോടെ ജൂഡ് ആന്റണി സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.