'ഭ.ഭ.ബ' സെറ്റില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. കറുപ്പ് ഷര്‍ട്ടും മുണ്ടും ധരിച്ച് മാസ് ലുക്കിലാണ് ഈ ചിത്രത്തില്‍ മോഹന്‍ലാലിനെ കാണുന്നത്. 'ആ വരവ് കണ്ടിട്ട് ഒരു ഇടിക്കുള്ള കോളുണ്ടല്ലോ' എന്നാണ് ചിത്രത്തിനു താഴെ ആരാധകരുടെ കമന്റ്. ലാലിന്റെ എന്‍ട്രിയോടെ ഒരു ദിലീപ് ചിത്രമെന്ന വിശേഷണത്തിനും അപ്പുറം മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന 'വമ്പന്‍ സിനിമ' എന്ന വിശേഷണത്തിലേക്ക് 'ഭ.ഭ.ബ' എത്തി.
18 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ ഈ സിനിമയ്ക്കായി നല്‍കിയിരിക്കുന്നതെന്നാണ് വിവരം. കേവലം കാമിയോ റോളില്‍ മാത്രം ഒതുങ്ങുന്ന കഥാപാത്രമായിരിക്കില്ല മോഹന്‍ലാലിന്റേത്. മറിച്ച് സിനിമയില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ്. ഈ സിനിമയ്ക്കായി മോഹന്‍ലാല്‍ താടി കനംകുറച്ചിട്ടുണ്ട്. ജൂലൈ നാലിനായിരിക്കും മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ചുള്ള ആദ്യ അപ്ഡേറ്റ്സ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുക.
മോഹന്‍ലാല്‍-ദിലീപ് കോംബിനേഷന്‍ സീനുകളായിരിക്കും ചിത്രത്തിന്റെ ശ്രദ്ധാകേന്ദ്രം. 'ഭ.ഭ.ബ'യുടെ രണ്ടാം ഭാഗത്തെ കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ട്. രണ്ടാം ഭാഗത്തിലും ലാലിന്റെ കഥാപാത്രം വരുന്ന പോലെയാകും ആദ്യ ഭാഗം അവസാനിപ്പിക്കുകയെന്നാണ് വിവരം. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും 'ഭ.ഭ.ബ'യില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകും. 14 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് മോഹന്‍ലാലും ദിലീപും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. 'ഭയം ഭക്തി ബഹുമാനം' എന്നതില്‍ നിന്നാണ് 'ഭ.ഭ.ബ' എന്ന പേര് വന്നിരിക്കുന്നത്.