തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു, പ്രതിരോധ നടപടികൾ ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്

അഭിറാം മനോഹർ

വെള്ളി, 26 സെപ്‌റ്റംബര്‍ 2025 (17:43 IST)
തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതായി മൃഗസംരക്ഷണവകുപ്പ് അറിയിച്ചു. ഭോപ്പാലിലെ എന്‍.ഐ.എച്ച്.എസ്.എ.ഡി. ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.രോഗവ്യാപനം തടയാന്‍ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ ദ്രുതകര്‍മ്മസേന (റാപ്പിഡ് റെസ്‌പോണ്‍സ് ടീം) പ്രവര്‍ത്തനം തുടങ്ങി. രോഗബാധ കണ്ടെത്തിയ ഫാമിന്റെ ചുറ്റും ഒരു കിലോമീറ്റര്‍ പരിധി ബാധിത മേഖലയായും പത്ത് കിലോമീറ്റര്‍ പരിധി നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
 
ഈ പ്രദേശങ്ങളില്‍ നിന്നുള്ള പന്നിമാംസ വിതരണവും കടകളുടെ പ്രവര്‍ത്തനവും, പന്നികളെ മറ്റ് ജില്ലകളിലേക്ക് മാറ്റുന്നതും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പ്ലാന്‍ ഓഫ് ആക്ഷന്‍ പ്രകാരമാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.മൃഗങ്ങളില്‍ മാത്രം ബാധിക്കുന്ന ഈ രോഗം മനുഷ്യരിലേക്കോ മറ്റു ജീവികളിലേക്കോ പകരില്ലെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഐസക് സാം വ്യക്തമാക്കി.
 
ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ജിതേന്ദ്ര കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഡീന, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഐസക് സാം, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഡോ. മഞ്ജു, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഡോ. അജയ്, ഡോ. അനീഷ് രാജ്, ഡോ. പ്രദീപ് എന്നിവരോടൊപ്പം വെറ്ററിനറി സര്‍ജന്‍മാര്‍, ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, അറ്റന്‍ഡന്റുമാര്‍ എന്നിവരാണ് ദ്രുതകര്‍മ്മസേനയില്‍ പ്രവര്‍ത്തിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍