' അത് അടുത്ത വര്‍ഷമേ സംഭവിക്കൂ. ഒന്നാമത്തെ കാര്യം അതിന്റെ പ്രൊഡക്ഷന്‍ മാറി. രണ്ടാമത്തെ കാര്യം, കല്‍ക്കട്ടയിലെ ദുര്‍ഗാപൂജയാണ് അതിലെ ഒരു പ്രധാന സീക്വന്‍സ് ഷൂട്ട് ചെയ്യേണ്ടത്. അപ്പോ അത് അടുത്ത വര്‍ഷമേ ഇനി സാധ്യമാകൂ. ആ ഉത്സവത്തില്‍ മാത്രം 20 ദിവസത്തെ ഷൂട്ടിങ് ഉണ്ട്. അതിനിടയില്‍ നടക്കുന്ന ഒരു ആക്ഷന്‍ ഫൈറ്റ് സീക്വന്‍സാണ്. യഥാര്‍ഥ ഉത്സവത്തിനു ഇടയില്‍വെച്ച് തന്നെ ഷൂട്ട് ചെയ്യണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ്. പിന്നെ അത് മറ്റൊരു പ്രൊഡക്ഷന്‍ ആയിരിക്കും ചെയ്യുന്നത്. വലിയൊരു സിനിമയാണ്, അതിന്റെ ബജറ്റ് വളരെ കൂടുതലാണ്, അഞ്ച് പാട്ടുകളും മൂന്ന് ഫൈറ്റുകളും ഉണ്ട്. അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' അനൂപ് മേനോന്‍ പറഞ്ഞു.
അരുണ്‍ ചന്ദ്രകുമാര്‍, സുജിത് കെ.എസ് എന്നിവര്‍ ചേര്‍ന്ന് ടൈംലെസ് മൂവീസിന്റെ ബാനറില്‍ ആയിരിക്കും അനൂപ് മേനോന്‍-മോഹന്‍ലാല്‍ ചിത്രം നിര്‍മിക്കുകയെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഈ പ്രൊഡക്ഷന്‍ ടീം മാറി. പുതിയ നിര്‍മാതാക്കള്‍ ആരെന്ന് അനൂപ് മേനോന്‍ വെളിപ്പെടുത്തിയിട്ടില്ല.
അനൂപ് മേനോനൊപ്പമുള്ള പ്രൊജക്ട് പ്രഖ്യാപിച്ചുകൊണ്ട് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ അരുണ്‍ ചന്ദ്രകുമാറും സുജിത് കെ.എസും ഉണ്ടായിരുന്നു. ഈ ചിത്രം പിന്നീട് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തു. അതോടെ അനൂപ് മേനോന്‍-മോഹന്‍ലാല്‍ പ്രൊജക്ട് ഉപേക്ഷിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അനൂപ് മേനോന്റെ പ്രതികരണം.