മലയാള സിനിമയിലെ ജനപ്രിയ കൂട്ടുകെട്ടാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും. മിമിക്രി വേദികളിലൂടെയായിരുന്നു ഇരുവരും സിനിമയിലേക്ക് എത്തിയത്. തിരക്കഥയെഴുതി കയ്യടി നേടിയ ശേഷമാണ് ഇരുവരും അഭിനേതാക്കളാകുന്നത്. കട്ടപ്പനയിലെ ഹൃഥ്വിക് റോഷൻ എന്ന ചിത്രത്തിലൂടെ വിഷ്ണുവിന് നിറയെ ഓഫറുകൾ വന്നു. ഈ ഒരു സമയത്തെ കുറിച്ച് മനസ് തുറക്കുകയാണ് ബിബിൻ.
ഒരു ഘട്ടത്തിൽ എല്ലാവർക്കും വിഷ്ണുവിനെ മതിയായിരുന്നു, തന്നെ വേണ്ടായിരുന്നു എന്നാണ് ബിബിൻ പറയുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ബിബിൻ മനസ് തുറന്നത്. നായകനായി കയ്യടി നേടുന്നതിന് മുമ്പുള്ള അനുഭവമാണ് ബിബിൻ പങ്കുവെക്കുന്നത്. വിഷ്ണു തന്നെ എല്ലായിടത്തും കൊണ്ടു പോകുമായിരുന്നു. എന്നാൽ താൻ വേണ്ട എന്ന് പലരും പറഞ്ഞിട്ടുണ്ടെന്നാണ് ബിബിൻ ഓർക്കുന്നത്.
അവൻ കൂടിയുണ്ടെന്ന് പറയുമ്പോൾ, വേണ്ട വേണ്ട നിങ്ങൾ മാത്രം മതിയെന്നാകും പറയുക. അവർക്കത് അധിക ചെലവാണ്. അതിനാൽ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ അത് മനസിലാക്കി വിഷ്ണുവിനോട് പറഞ്ഞു, ഇനി നീ നിന്റെ വഴിക്ക് പൊക്കോളൂ. ഞാൻ എന്നെങ്കിലും ആ വഴിക്ക് വരും. അതെനിക്ക് ഉറപ്പുണ്ട്!' ബിബിൻ പറയുന്നു.
ആ വാക്കുകൾ ശരിയാകാൻ അധികം നാളുകൾ വേണ്ടി വന്നില്ല. ബിബിനെ തേടി അവസരങ്ങളെത്തി, പിന്നാലെ നായകനുമായി. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ നമ്മുടെ പടമായിട്ടേ കൂട്ടു. അതിന് ശേഷം വെൽക്കം ടു സെൻട്രൽ ജയിൽ എന്ന സിനിമയിൽ ദിലീപിനെ തല്ലുന്നൊരു സീനുണ്ടായിരുന്നു. ഒറ്റ സീൻ മാത്രം. അത് കണ്ടിട്ട് റാഫി എന്നെ ഫഹദിന്റെ വില്ലനായി റോൾ മോഡൽസിലേക്ക് വിളിക്കുന്നത്, ബിബിൻ പറയുന്നു.