ബോളിവുഡിലെ മികച്ച നടന്മാരിൽ മുൻപന്തിയിലാണ് ആമിർ ഖാനും ഷാരൂഖ് ഖാനും. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ബോളിവുഡിനെ മുന്നിൽ നിന്ന് നയിക്കുകയാണ് ഇരുവരും. ഏറെക്കാലം ഒരേ വഴിയിലൂടെ സഞ്ചരിച്ച ഇവർ തമ്മിൽ ഇന്ന് നല്ല അടുപ്പമാണ്. എന്നാൽ, ഒരുകാലത്ത് ഇവർ ഇങ്ങനെ ആയിരുന്നില്ല. പരസ്യമായി തന്നെ പരസ്പരം കളിയാക്കുകയും വിമർശിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട് ആമിറും ഷാരൂഖും. ഇവർ തമ്മിലുള്ള ശത്രുത ബോളിവുഡിനെ അമ്പരപ്പിച്ചിരുന്നു.
ആമിർ ഖാൻ-ഷാരൂഖ് ഖാൻ പോരിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നാണ് തന്റെ വളർത്തു നായയ്ക്ക് ആമിർ ഖാൻ 'ഷാരൂഖ്' എന്ന് പേരിട്ട സംഭവം. ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ആമിർ ഖാൻ. ലല്ലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് ആമിർ മനസ് തുറന്നത്. തന്റെ പ്രവർത്തി തീർത്തും ബാലിശമായിരുന്നുവെന്നാണ് ആമിർ ഖാൻ പറയുന്നത്.
ഷാരൂഖ് ഖാൻ എന്റെ അടുത്ത സുഹൃത്താണ്. കരിയർ തുടങ്ങിയപ്പോൾ സ്വാഭാവികമായും ഞങ്ങൾക്കിടയിൽ മത്സരമുണ്ടായിരുന്നു. പക്ഷെ 10-15 വർഷം മുമ്പ് അതെല്ലാം അവസാനിച്ചു. എന്റെ ഭാഗത്തു നിന്നും, അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും. അതെല്ലാം തീർത്തും ബാലിശമായിരുന്നു', ആമിർ പറഞ്ഞു.