ഷാരുഖ് ഖാന്റേതായി സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് കിങ്. ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കുന്നുണ്ട്. ദീപിക പദുക്കോൺ ആണ് ഷാരൂഖ് ഖാന്റെ നായിക. ഷാരുഖിന്റെ മകൾ സുഹാന ഖാനും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ നടി റാണി മുഖർജിയും ചിത്രത്തിൽ ഷാരുഖിനൊപ്പം എത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ട്.
അതിഥി വേഷത്തിലാണ് റാണി മുഖർജി എത്തുകയെന്നാണ് വിവരം. സുഹാന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയുടെ വേഷത്തിലാണ് നടി എത്തുക. ചിത്രത്തിന്റെ കഥയിൽ നിർണായകമാകുന്ന വേഷമായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അഞ്ച് ദിവസത്തെ ഷൂട്ടിങ് ആണ് റാണി മുഖർജി ചാർട്ട് ചെയ്തിരിക്കുന്നത്. ഷാരൂഖ് ഖാന്റെ സിനിമ ആയതിനാലാണ് റാണി മുഖർജി അഭിനയിക്കാമെന്ന് തീരുമാനിച്ചത്.
മുൻപ് കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുഷി കഭി ഗം, കഭി അൽവിദ ന കെഹ്ന തുടങ്ങി നിരവധി ചിത്രങ്ങളിൽ റാണി മുഖർജിയും ഷാരുഖ് ഖാനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അഭിഷേക് ബച്ചനാണ് ചിത്രത്തിൽ വില്ലനായെത്തുക. മെയ് 20 ന് മുംബൈയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. യൂറോപ്പിലും ചിത്രത്തിന് ഷെഡ്യൂൾ ഉണ്ട്. അടുത്ത വർഷം ഒക്ടോബറിലോ ഡിസംബറിലോ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.