കൊച്ചി: സിനിമയുടെ പേരുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ വ്യക്തത വരുത്താൻ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം 'ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' കാണും. ശനിയാഴ്ച രാവിലെ പത്തുമണിക്കാണ് ജസ്റ്റിസ് എന്‍. നഗരേഷ് സിനിമ കാണുക. സിനിമ കാണണമെന്ന ആവശ്യം കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാര്‍ കോടതിയ്ക്ക് മുമ്പാകെ വെച്ചിരുന്നു.
സിനിമ കാണാന്‍ തീരുമാനിച്ചു. അതാണ് ശരിയായ നടപടി. കണ്ടുകഴിഞ്ഞാല്‍ ഉള്ളടക്കം അറിയാന്‍ കഴിയും. സിനിമ കാണാനുള്ള സമയം തീരുമാനിക്കാന്‍ ഹര്‍ജിക്കാരായ നിർമാതാക്കളോട് ആവശ്യപ്പെട്ടു. സിനിമ കാണണം എന്ന ആവശ്യം സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷകനും മുന്നോട്ടുവെച്ചിരുന്നു. മുംബൈയില്‍ സിനിമ കാണണം എന്നായിരുന്നു ആവശ്യം. എന്നാല്‍, ഇത് കോടതി നിരാകരിച്ചു. ചിത്രം കൊച്ചിയില്‍വന്ന് കാണാന്‍ കോടതി നിര്‍ദേശിച്ചു. കേസ് വീണ്ടും അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.
അതേസമയം, പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ ജാനകി എന്ന പേരാണ് പ്രശ്നമായത്. സിനിമയുടെ തലക്കെട്ടിലും കഥാനായികയ്ക്കും ഒരേപേരാണ്. ജാനകി എന്ന പേര് ഉപയോഗിച്ചത് വഴി സീതാ ദേവിയെ അപമാനിക്കുക എന്ന ലക്ഷ്യം കഥയിലോ, തിരക്കഥയിലോ ഉണ്ട് എങ്കിൽ മനസിലാക്കാമായിരുന്നു.
ഈ സിനിമ പുരാണ കഥയോ, ചരിത്ര കഥയോ ഒന്നുമല്ലെന്നും, ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ച യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി, ബലാൽസംഘത്തിന് ഇരയാകുന്ന ഒരു സ്ത്രീയുടെ അതിജീവിനത്തിന്റെ പോരാട്ടം പറയുന്ന സിനിമയാണ് എന്നും, സിനിമ കാണുന്ന റിവൈസ് കമ്മിറ്റി മനസിലാക്കുമെന്ന്, ഉറച്ചു വിശ്വസിക്കുന്നുവെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി.