ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്യുന്ന 'പണി' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. അഭിനയം പോലെ തന്നെ സംവിധാനവും താന്‍ ആസ്വദിച്ചാണ് ചെയ്തതെന്ന് ജോജു പ്രതികരിച്ചു. ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മാസ്, ത്രില്ലര്‍, റിവഞ്ച് ഴോണറില്‍ ഉള്ളതാണ്. തൃശൂരിലും പരിസര പ്രദേശങ്ങളിലും ആയി ഏകദേശം നൂറ് ദിവസമാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ജോജു ജോര്‍ജ് തന്നെയാണ് ചിത്രത്തില്‍ നായകന്‍. അഭിനയയാണ് നായിക. ഒപ്പം ബിഗ് ബോസ് താരങ്ങളായ സാഗര്‍, ജുനൈസ് എന്നിവര്‍ക്കൊപ്പം വലിയൊരു താരനിരയും അണിനിരക്കുന്നു. ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‌സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം.
കരിയര്‍ ഇരുപത്തിയെട്ടാമത്തെ വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ ആദ്യമായി സംവിധായകനാകുകയാണ് ജോജു ജോര്‍ജ്ജ്. സ്വന്തം രചനയില്‍ ആദ്യ സംവിധാനസംരഭവുമായി എത്തുന്നതിന്റെ അടങ്ങാത്ത ആവേശത്തിലാണ് ജോജു ജോര്‍ജ്ജ്. ' അഭിനയം ഞാന്‍ ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ്, കുറച്ചു ടെന്‍ഷന്‍ നിറഞ്ഞ സമയങ്ങളിലൂടെ കടന്നു പോയെങ്കിലും സംവിധാനവും അത് പോലെ ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നതും,' ജോജു പറഞ്ഞു.
സിനിമ കരിയര്‍ 28-ാം വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് ജോജു ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്ന് ആരംഭിച്ച ജോജുവിന്റെ കരിയര്‍ ഇപ്പോള്‍ മലയാളവും കടന്ന് അന്യ ഭാഷകളിലേക്കും എത്തി നില്‍ക്കുകയാണ്. 2018 ല്‍ പുറത്തിറങ്ങിയ 'ജോസഫ്' ആണ് ജോജുവിന്റെ കരിയറില്‍ വലിയൊരു ബ്രേക്ക് ആയത്. 'ജോസഫ്', 'ചോല' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച സ്വഭാവനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും, ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവും (ജോസഫ്) ലഭിച്ചു.