സംവിധായകനെയല്ല സിനിമ ഹിറ്റാക്കിയവന്മാരെ വേണം കുറ്റം പറയാൻ, അനിമൽ സിനിമയിൽ പ്രതികരിച്ച് ഖുശ്ബു

അഭിറാം മനോഹർ

ചൊവ്വ, 27 ഫെബ്രുവരി 2024 (20:14 IST)
അടുത്തിടെ ബോളിവുഡില്‍ വമ്പന്‍ വിജയമായി മാറിയ രണ്‍ബീര്‍ കപൂര്‍ സിനിമ അനിമല്‍ സിനിമയ്‌ക്കെതിരെ വിമര്‍ശനവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. ടിവി 9 നടത്തിയ ഒരു സമ്മിറ്റില്‍ സംസാരിക്കവെയാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ കൂടിയായ ഖുശ്ബു സിനിമയ്‌ക്കെതിരെ രംഗത്ത് വന്നത്. അനിമല്‍ പോലുള്ള സിനിമകളുടെ വിജയത്തെ പറ്റി ചോദിച്ചപ്പോള്‍ സിനിമ കാണരുതെന്ന് തനിക്ക് പെണ്മക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഖുശ്ബു വെളിപ്പെടുത്തി.
 
സിനിമ താന്‍ കണ്ടിട്ടില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് ഖുശ്ബു ചോദ്യത്തിന് മറുപടി നല്‍കിയത്. ദേശീയ വനിതാ കമ്മീഷന്‍ അംഗമെന്ന നിലയില്‍ പീഡനം,വൈവാഹിക ബലാത്സംഗം,മുത്തലാഖ് തുടങ്ങിയ നിരവധി കേസുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അനിമല്‍ പോലുള്ള സ്ത്രീവിരുദ്ധമായ സിനിമകള്‍ വരുന്നതും അവ ബോക്‌സോഫീസില്‍ വലിയ വിജയമായി മാറുന്നതും അത് വിജയിപ്പിക്കുന്ന ആളുകളുടെ മാനസികാവസ്ഥ കാരണമാണ്. ഇതില്‍ ഞാന്‍ സംവിധായകനെ കുറ്റപ്പെടുത്തില്ല.
 
സംവിധായകന്റെ ഭാഗത്ത് നിന്ന് ആലോചിച്ചാല്‍ സിനിമ വിജയമാണ്. സമൂഹത്തില്‍ എന്താണ് സംഭവിക്കുന്നതെന്നുള്ളത് മാത്രമാണ് താന്‍ കാണിക്കുന്നതെന്നാണ് അയാളുടെ വാദം. നമ്മള്‍ സ്ത്രീകളോടുള്ള ബഹുമാനത്തെ പറ്റി സംസാരിക്കുന്നു. എന്നിട്ടും ആളുകള്‍ അത്തരം സിനിമകളെ വിജയിപ്പിക്കുന്നു. സിനിമ എന്താണെന്നറിയാന്‍ ആഗ്രഹമുള്ളതിനാല്‍ എന്റെ പെണ്‍കുട്ടികള്‍ സിനിമ കണ്ടിരുന്നു. അമ്മ ദയവായി സിനിമ കാണരുതെന്നാണ് അവര്‍ എന്നോട് പറഞ്ഞത്. ഇത്തരം സിനിമകള്‍ കാണാന്‍ പ്രേക്ഷകസമൂഹം ഇവിടെയുള്ളപ്പോള്‍ നമ്മള്‍ സമൂഹം എന്ന നിലയില്‍ എങ്ങോട്ടാണ് പോകുന്നത്. ഖുശ്ബു ചോദിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍