താരപുത്രന്മാര്‍/പുത്രിമാര്‍ സിനിമയില്‍ തങ്ങളുടേതായ സ്ഥാനം നേടിയെടുക്കുന്നത് കഴിഞ്ഞ പതിറ്റാണ്ട് വരെ ഹിന്ദി സിനിമയില്‍ പതിവായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ ട്രെന്‍ഡ് വളരെയേറെ മാറിയിട്ടുണ്ട്. തുടര്‍ച്ചയായി സിനിമകള്‍ ലഭിക്കുന്നുണ്ടെങ്കിലും ചുരുക്കം ചില താരപുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും മാത്രമാണ് നിലവില്‍ ബോളിവുഡില്‍ പിടിച്ച് നില്‍ക്കാനാവുന്നത്.
അടുത്തിടെയാണ് സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകനായ ഇബ്രാഹിം അലി ഖാനെ നായകനാക്കി നാദാനിയാം എന്ന സിനിമ പുറത്തുവന്നത്. അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും ഇളയമകള്‍ ഖുഷി കപൂറായിരുന്നു സിനിമയിലെ നായിക. മാര്‍ച്ച് 7ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത സിനിമയ്ക്ക് മോശം അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനയത്തിന്റെ പേരില്‍ വലിയ വിമര്‍ശനമാണ് ഇബ്രാഹിമും ഖുഷിയും ഏറ്റുവാങ്ങുന്നത്.
ഇതിനിടെ സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ ഇടുകയും വ്യക്തിപരമായി പരിഹസിക്കുകയും ചെയ്ത പാകിസ്ഥാനില്‍ നിന്നുള്ള സിനിമാ നിരൂപകനായ തമുര്‍ ഇഖ്ബാലിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇബ്രാഹിം അലി ഖാന്‍. ഇന്‍സ്റ്റഗ്രാമിലൂടെ ഇബ്രാഹിമില്‍ നിന്നും ഭീഷണി വന്നെന്ന് തമൂര്‍ ആണ് വ്യക്തമാക്കിയത്. ഇബ്രാഹീമിന്റെ സന്ദേശം ഇങ്ങനെ, തമൂര്‍, ഏതാണ്ട് തൈമൂര്‍ പോലെ തന്നെ. എന്റെ സഹോദരന്റെ പേരാണ് നിങ്ങള്‍ക്ക്. പക്ഷേ നിങ്ങള്‍ക്കില്ലാത്തത് എന്താണെന്നോ അവന്റെ മുഖം. നീയൊരു വിലക്കെട്ടവനാണ്, വാക്കുകള്‍ക്ക് നിയന്ത്രണമില്ലാത്തവന്‍. നിന്നെയും നിന്റെ കുടുംബത്തെയും ഓര്‍ത്ത് സങ്കടം തോന്നുന്നു. എന്നെങ്കിലും നിന്നെ തെരുവില്‍ വെച്ച് കിട്ടിയാല്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ വിരൂപനാക്കും.
തമൂറിന്റെ റിവ്യൂവില്‍ ഇബ്രാഹിം അലി ഖാന്റെ മൂക്കിന് ശസ്ത്രക്രിയ ചെയ്ത കാര്യം പറയുന്നുണ്ട്. അതാണ് താരപുത്രനെ ചൊടിപ്പിച്ചതെന്നാണ് സൂചന. നോസ് ജോബ് കമന്റ് തെറ്റായി പോയെന്ന് സമ്മതിക്കുന്നുവെന്നും ബാക്കി കാര്യങ്ങളുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും തമൂര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ തമൂറിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായാണ് പ്രചരിക്കുന്നത്. ഇരുവരെയും അനുകൂലിച്ചും എതിര്‍ത്തും ഒട്ടേറെപേരാണ് രംഗത്ത് വന്നിരിക്കുന്നത്.