'അവതരണത്തിലെ ബ്രില്യന്‍സ്'; ആദ്യദിനം തന്നെ കുടുംബത്തോടൊപ്പം 'ഹൃദയം' കണ്ട് ടി എന്‍ പ്രതാപന്‍, കുറിപ്പ്

കെ ആര്‍ അനൂപ്
തിങ്കള്‍, 24 ജനുവരി 2022 (10:08 IST)
കുടുംബത്തോടൊപ്പം ആദ്യദിവസം തന്നെ തിയേറ്ററില്‍ പോയി ഹൃദയം കണ്ടു എന്ന് ടി എന്‍ പ്രതാപന്‍.ഗൃഹാതുരത്വം, കോളേജ് ജീവിതം, പ്രണയം തുടങ്ങിയ പ്രമേയങ്ങള്‍ നിരവധി തവണ ആവര്‍ത്തിച്ചിട്ടുള്ളതാണ്. പക്ഷെ, സ്വന്തം ജീവിതത്തില്‍ നിന്നുള്ള അദ്ധ്യായങ്ങളാണ് ഹൃദയത്തിലൂടെ വിനീത് അവതരിപ്പിക്കുന്നത്. മൂന്ന് മണിക്കൂര്‍ സിനിമ എന്ന രീതിയൊക്കെ വളരെ കുറഞ്ഞ ഒരു കാലത്ത് ഒട്ടും മുഷിപ്പിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ കഴിയുന്ന ഒരു സിനിമ കാഴ്ചവെക്കുക എന്നത് പ്രമേയത്തിലെ പുതുമയും പഴമയുമല്ല അവതരണത്തിലെ ബ്രില്യന്‍സാണ് തീരുമാനിക്കുന്നത് എന്ന് പറയുന്ന സിനിമയാണ് 'ഹൃദയം എന്ന് അദ്ദേഹം പറയുന്നു.
 
ടി എന്‍ പ്രതാപന്റെ വാക്കുകളിലേക്ക്
 
ഹൃദയഹാരിയായ ഒരു സിനിമാനുഭവമായിരുന്നു വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച മെരിലാന്‍ഡ് സിനിമയുടെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മ്മിച്ച 'ഹൃദയം.' (Spoiler alert!)
 
റിലീസായ ആദ്യ ദിവസം തന്നെ പ്രിയതമ രമയുടെയും മകന്‍ ആഷികിന്റെയും കൂടെ തിയറ്ററില്‍ പോയി ചിത്രം കണ്ടു. ഒരു പുതിയകാല ഭാവുകത്വമാണ് ഈ സിനിമ എന്നറിയാമായിരുന്നെകിലും വിനീത് ശ്രീനിവാസന്റെ ചിത്രം എന്ന വലിയ പ്രതീക്ഷയാണ് തിയറ്ററില്‍ കയറാന്‍ പ്രേരിപ്പിച്ചത്. ദിനേനയുള്ള സാധാരണ തിരക്കുകളൊഴിഞ്ഞെന്നു തോന്നിയപ്പോള്‍ രാത്രി സിനിമ കണ്ടു. പതിവുള്ള ചെറിയ ക്ഷീണമൊക്കെ ഞാനും മനസ്സും ശരീരവും മറന്നു. തുടക്കം മുതല്‍ മൂന്ന് മണിക്കൂറോളമുള്ള സിനിമാനുഭവത്തിലുടനീളം കാലം, ഇടം തുടങ്ങിയ ഭൗതിക തലങ്ങള്‍ അപ്രസക്തമായി.
 
അത്രമേല്‍ ഹൃദയത്തിലേക്ക് നീട്ടിവെച്ച ഈണങ്ങള്‍, താളങ്ങള്‍, ദൃശ്യ മുഹൂര്‍ത്തങ്ങള്‍. വിനീത് ശ്രീനിവാസന്റെ അവസാന ചിത്രമായ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ഇറങ്ങി അഞ്ചുവര്ഷങ്ങള്‍ക്കിപ്പുറമാണ് ഹൃദയം നമ്മള്‍ കാണുന്നത്. സംഗീതവും സിനിമയോടുള്ള അഭിനിവേശവും കലയോടുള്ള ആത്മാര്‍ത്ഥയും തീര്‍ത്ഥം ചെയ്‌തെടുത്ത ഒരു മനസ്സാണ് വിനീതിന് ഇതുപോലെ ഒരു മനോഹര സിനിമ സാധ്യമാക്കാന്‍ ത്രാണി നല്‍കുന്നത് എന്നെനിക്കുറപ്പുണ്ട്.
 
സ്‌കൂളിലും കോളേജിലും പ്രണയിച്ചവര്‍ക്ക്, അഭൗമമെന്ന് തോന്നിക്കുന്ന മനുഷ്യ ബന്ധങ്ങളുണ്ടായിരുന്നവര്‍ക്ക്, സൗഹൃദത്തിന്റെ വേനലും മഴയും മഞ്ഞും അനുഭവിച്ചവര്‍ക്ക് ഈ ചിത്രം ഉള്ളം തൊടാതെ കണ്ടുതീര്‍ക്കാനാവില്ല. എന്റെ വിദ്യാര്‍ത്ഥി കാലഘട്ടത്തിലെ ഒരു പശ്ചാത്തലമേയല്ല ഈ സിനിമ. എന്നിട്ടും എനിക്കത് മനസ്സില്‍ കൊള്ളുന്ന ഒരനുഭവമാകുന്നു. പ്രണവിന്റെ അരുണും ദര്‍ശനയുടെ ദര്‍ശനയും കല്യാണിയുടെ നിത്യയും ഒട്ടും അതിശയോക്തിയില്ലാത്ത പച്ച ജീവിതങ്ങളാണ് എന്ന് എന്റെ മനസ്സ് വിശ്വസിക്കുന്നു. ആന്റണി താടിക്കാരനും, മായയും, സെല്‍വയും, കാളിയും നമ്മുടെ ജീവിതത്തില്‍ ഇതുപോലെയോ ഇതിനു സമാനമായതോ അല്ലെങ്കില്‍ ഇതേ വികാരങ്ങളോടെ മറ്റേതൊക്കെയോ ഭാവത്തില്‍ വന്നിറങ്ങിപോയ ജീവിതങ്ങളാണെന്ന് നമ്മള്‍ തിരിച്ചറിയുന്ന നിമിഷങ്ങള്‍ വല്ലാത്ത അനുഭവമാണ്.
 
അരുണ്‍ എന്ന എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി പഠനകാലത്ത് നേരിടുന്ന വിവിധ ജീവിത പാഠങ്ങളാണ് കഥയുടെ അടിസ്ഥാനം. പ്രണയം, സൗഹൃദം, പഠനം, മാനവികത എന്നിങ്ങനെ ഒരു യുവാവ് തന്റെ ജീവിത നിമിത്തങ്ങള്‍ക്ക് നേരെനിന്ന് അന്ധാളിച്ചുപോകുന്നത് നമുക്ക് ഈ ചിത്രത്തില്‍ കാണാം. എന്‍ജിനിയറിങ് ജോലി ചെയ്യുമ്പോഴും ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന 'സമാധാനം' അന്വേഷിക്കുന്ന ഒരു യുവാവ് നമ്മളെല്ലാവരും കടന്നുപോകുന്നതോ കടന്നുകഴിഞ്ഞതോ ആയ ജീവിതത്തെയാണ് പ്രതിനിധീകരിക്കുന്നത്. പ്രണവ് മോഹന്‍ലാന്‍ അരുണ്‍ എന്ന ഈ കഥാപാത്രത്തെ മികച്ചതാക്കിയിട്ടുണ്ട്. 'ഹൃദയം' എന്ന ചിത്രത്തെ കുറിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ക്കുണ്ടായിരുന്ന ആകാംക്ഷ ഒരുപക്ഷെ പ്രണവിന്റെ പ്രകടനം തന്നെയായിരിക്കും. അതാവട്ടെ ഗംഭീരമാക്കിയിരിക്കുന്നു. പ്രത്യേകിച്ചും നെഗെറ്ററ്റീവ് ഭാവങ്ങളോടെയുള്ള പ്രകടനകള്‍ അതിഗംഭീരമാണ് എന്നെനിക്ക് തോന്നി. റാഗിങ്ങ് രംഗങ്ങളില്‍ 'അമൃതം ഗമയ'യിലെ മോഹന്‍ലാലിനെ പ്രണവ് ഓര്‍മ്മിപ്പിച്ചു. പ്രണവ് മാത്രമല്ല, ദര്‍ശനയും കല്യാണിയും അശ്വിത് ലാലും വിജയരാഘവനും ജോണി ആന്റണിയും അജു വര്‍ഗീസും (എനിക്ക് ഈ അജു വര്‍ഗ്ഗീസിനെ സ്‌ക്രീനില്‍ കാണുന്നത് തന്നെ വലിയ സന്തോഷം നല്‍കുന്ന സംഗതിയാണ്) എന്നുതുടങ്ങി സ്‌ക്രീനില്‍ വന്ന എല്ലാവരും അവരുടെ ഇടം ഭദ്രമാക്കിയിട്ടുണ്ട്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ അണിയറക്കാര്‍ കാണിച്ച കൃത്യത അഭിനന്ദനം അര്‍ഹിക്കുന്നതാണ്.
 
അരുണ്‍ എന്ന കഥാപാത്രം അച്ഛനാകുന്ന നിമിഷം, താന്‍ തേടുന്നതെന്താണോ അത് തന്നെ തേടുന്നുണ്ട് എന്ന ജലാലുദ്ധീന്‍ റൂമിയുടെ വചനത്തെ അര്‍ത്ഥമാക്കുന്ന തന്റെ ഭാര്യയെയും കുഞ്ഞിനേയും കുറിച്ച് അരുണ്‍ ദര്‍ശനയോട് അവളുടെ കല്യാണത്തലേന്ന് പറയുന്ന വാക്കുകള്‍, ഭൂതകാലത്ത് വന്നുപോയ വികാരവായ്പുകള്‍ക്കപ്പുറത്തേക്ക് വര്‍ത്തമാനത്തിലും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളിലും ജീവിക്കുന്ന യാഥാര്‍ഥ്യ ബോധമുള്ള മനുഷ്യന്‍ എന്നതൊക്കെ ഓരോ കുടുംബ പ്രേക്ഷകരെയും ആഴത്തില്‍ തഴുകുന്ന അനുഭവമാകുന്നു. വിനീതിന്റെ എഴുത്തും സംവിധാനവും വിശ്വജിത്തിന്റെ കാമറയും ഹിശാമിന്റെ സംഗീതത്തോടൊപ്പം ചേരുന്ന വേളയിലാണ് ഈ സിനിമ ഹൃദ്യമാകുന്നത്.
 
എന്തുമാത്രം മാസ്മരികതയുള്ള സംഗീതമാണ് ഹിഷാം ഈ ചിത്രത്തിന് ഒരുക്കിയിരിക്കുന്നത്. അതും വിവിധ ഭാവങ്ങളുള്ള പാട്ടുകളാണ് ഓരോന്നും. ക്ളാസിക്കല്‍ തുടങ്ങി ആധുനിക സംഗീതം അടക്കം സൂഫി സംഗീതം വരെയും നീളുന്ന വിവിധ പാട്ടുകളും പശ്ചാത്തല സംഗീതവും പിന്നെ ഗൃഹാതുരത്വം കൊണ്ടുവരുന്ന പഴയ പാട്ടുകളുടെയും നാടന്‍ പാട്ടുകളുടെയും ചെറിയ അടരുകളും തിയേറ്റര്‍ അനുഭവം ഒരു പ്രത്യേക ആത്മീയാനുഭവമാക്കിത്തീര്‍ക്കുന്നു.
 
ഗൃഹാതുരത്വം, കോളേജ് ജീവിതം, പ്രണയം തുടങ്ങിയ പ്രമേയങ്ങള്‍ നിരവധി തവണ ആവര്‍ത്തിച്ചിട്ടുള്ളതാണ്. പക്ഷെ, സ്വന്തം ജീവിതത്തില്‍ നിന്നുള്ള അദ്ധ്യായങ്ങളാണ് ഹൃദയത്തിലൂടെ വിനീത് അവതരിപ്പിക്കുന്നത്. മൂന്ന് മണിക്കൂര്‍ സിനിമ എന്ന രീതിയൊക്കെ വളരെ കുറഞ്ഞ ഒരു കാലത്ത് ഒട്ടും മുഷിപ്പിക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ കഴിയുന്ന ഒരു സിനിമ കാഴ്ചവെക്കുക എന്നത് പ്രമേയത്തിലെ പുതുമയും പഴമയുമല്ല അവതരണത്തിലെ ബ്രില്യന്‍സാണ് തീരുമാനിക്കുന്നത് എന്ന് പറയുന്ന സിനിമയാണ് 'ഹൃദയം.'
 
എന്നെ ഏറ്റവും തൊട്ട ഒരു ഭാഗം അരുണും നിത്യയും തങ്ങളുടെ മകന് പേരിടുന്ന ഭാഗമാണ്. പലര്‍ക്കും നേരത്തേ പ്രവചിക്കാന്‍ കഴിഞ്ഞ ഒരു സന്ദര്‍ഭമായിരിക്കാം ഇതെങ്കില്‍ കൂടി മനുഷ്യ ബന്ധത്തെ കുറിച്ചുള്ള ഏറ്റവും മനോഹരമായ ഒരു പ്രസ്താവ്യമായി ഈ രംഗം മാറുകയാണ്. ആ സമയത്ത് തിയറ്ററില്‍ മുഴുവന്‍ ആ ഒരു വൈകാരികത നിറഞ്ഞുമുറ്റിയതായി എനിക്ക് അനുഭവപ്പെട്ടു. സെല്‍വ എന്ന കഥാപാത്രവും അവന്‍ ഉണ്ടാക്കിയ പഠന വൃത്തവും അമ്മയും അച്ഛനും സമാധാനത്തോടെ ഉറങ്ങുന്ന വേളയാണ് ആകെയുള്ള തന്റെ ജീവിത ലക്ഷ്യമെന്ന സെല്‍വയുടെ വാക്കുകളും തീരെ ചെറുതല്ലാത്ത സന്ദേശങ്ങളാണ് മുന്നോട്ട് വെക്കുന്നത്.
 
കത്തെഴുതിയെറിഞ്ഞും പുസ്തകത്തില്‍ ഒളിപ്പിച്ചു വെച്ചും പിന്നാലെ നടന്നും വഴിയില്‍ കാത്തുനിന്നും ഒളിച്ചും മറഞ്ഞും പ്രണയം പ്രകടിപ്പിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നുമാറി പിറകെ നടക്കുന്നതും ചൂഴ്ന്നുനോക്കി നില്‍ക്കുന്നതുമൊക്കെ മോശം പരിപാടിയാണെന്ന് അരുണിന്റെ കഥാപാത്രം പറയുന്നത് ഒരുപക്ഷെ സിനിമയിലെ കഥ നടക്കുന്ന കാലത്തെ ചിന്തയായിട്ടല്ല; പകരം വര്‍ത്തമാനകാലത്തെ പ്രേക്ഷകനോട് നേരിട്ടുള്ള ഓര്‍മ്മപ്പെടുത്തലാണ്. സിനിമയിലെ നര്‍മ്മ രംഗങ്ങള്‍ക്കും ഉണ്ട് വലിയ പ്രത്യേകത. വിനീതിന്റെ എഴുത്തിലെ ഭംഗിയാണത്. ഒപ്പം ജോണി ആന്റണി, അശ്വിത് ലാല്‍, അഭിഷേക് ജോസഫ് എന്നിവരുടെ അസാമാന്യ പ്രകടനവും കൂടിയാവുമ്പോള്‍ തിയറ്ററില്‍ മനസ്സറിഞ്ഞ ചിരിയുണരുന്നു.
 
എനിക്കേറ്റവും അതിശയവും സന്തോഷവും തോന്നിയ ഒരു കാര്യം, തുടക്കത്തിലും ഒടുക്കത്തിലും വിനീത് ശ്രീനിവാസന്‍ എന്ന പേരെഴുതിക്കാണിക്കുമ്പോള്‍ പ്രേക്ഷകര്‍ അതിയായ സന്തോഷത്തോടെ എഴുനേറ്റുനിന്ന് കൈയ്യടിക്കുന്ന സന്ദര്‍ഭമാണ്. അതൊരു അംഗീകാരമാണ്. പ്രേക്ഷകന്റെ മനസ്സറിഞ്ഞ് പടം പിടിക്കാനുള്ള ബ്രില്യന്‍സിന് ലഭിക്കുന്ന അംഗീകാരം. വിനീത് മലയാള സിനിമക്ക് ലഭിച്ച അസാമാന്യ കഴിവുകളുള്ള ഒരു ജീനിയസാണ് എന്ന് ഞാന്‍ പറയും.
 
നന്ദി വിനീത്, പ്രണവ്, ഹിഷാം, വിശാഖ്... നിങ്ങളുടെ; അല്ല നമ്മുടെ ഈ ഹൃദയത്തിന്.

അനുബന്ധ വാര്‍ത്തകള്‍

Next Article