അഭിമന്യുവിന്റെ അവസ്ഥ ഇതാണെങ്കില്‍ സിദ്ധാര്‍ഥിന്റെ കാര്യം പറയണോ ?, വിമര്‍ശനവുമായി ഹരീഷ് പേരടി

അഭിറാം മനോഹർ
വ്യാഴം, 7 മാര്‍ച്ച് 2024 (13:56 IST)
അഭിമന്യൂ കൊലപാതകകേസിലെ രേഖകള്‍ കോടതിയില്‍ നിന്നും കാണാതായതില്‍ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. അഭിമന്യുവിന്റെ അവസ്ഥ ഇതാണെങ്കില്‍ സിദ്ധാര്‍ഥിന്റെ കാര്യം കട്ടപൊകയാണെന്ന് ഹരീഷ് പേരടി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. തിരഞ്ഞെടുപ്പ്,വോട്ട് രാഷ്ട്രീയം,അധികാരം. അതിനിടയില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പല രേഖകളും മുങ്ങുകയും പൊന്തുകയും ചെയ്യുന്നു. ജനാധിപത്യം കയ്യില്‍ പുരളുന്ന വെറും മഷി മാത്രമാകുന്നു. ജീവന്‍ നഷ്ടമാകുന്നവനും അവന്റെ കുറ്റുംബത്തിനും മാത്രം കുറെ സ്വപ്നങ്ങള്‍ നഷ്ടമാകുന്നുവെന്നും ഇത് ദുരന്തകേരളമാണെന്നും ഹരീഷ് പേരടി കുറിച്ചു.
 
അഭിമന്യു കേസില്‍ എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളാണ് കാണാതായത്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം,പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള പ്രധാനരേഖകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതുസംബന്ധിച്ച വിവരം സെഷന്‍സ് ജഡ്ജി ഡിസംബറില്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രേഖകള്‍ കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
 
2018 ജൂലൈ ഒന്നിന് രാത്രിയാണ് അഭിമന്യു മഹാരാജാസ് കോളേജ് ക്മാപസില്‍ ക്യാമ്പസ് ഫ്രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടത്. ഇതേ കോളേജിലെ അര്‍ജുന്‍ എന്ന വിദ്യാര്‍ഥിക്കും കുത്തേറ്റിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article