ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയില്ലെങ്കില്‍ രക്ഷിതാക്കളുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം ചെയ്ത ദമ്പതികള്‍ക്ക് പോലീസ് സംരക്ഷണം അവകാശപ്പെടാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. സുരക്ഷ ഒരു അവകാശമായി കാണാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.
ശ്രേയ കേസര്‍വാനി എന്ന യുവതിയും ഭര്‍ത്താവും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ഇവരുടെ ഭാഗം കേട്ട കോടതി ഇരുവര്‍ക്കും സംരക്ഷണം നല്‍കേണ്ട തരത്തില്‍ ഭീഷണിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഗുരുതരമായ ഭീഷണികള്‍ ദമ്പതിമാര്‍ നേരിടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഇരുവരും സമൂഹത്തെ നേരിടാന്‍ പഠിക്കണമെന്നും ഉപദേശിച്ചു. ഹര്‍ജിക്കാര്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള പ്രതികള്‍ ഇവരുടെ ജീവിതത്തില്‍ ഇടപെടരുതെന്നും കോടതി നിര്‍ദേശിച്ചു.