കരിയറിലെ പീക്ക് സമയത്തായിരുന്നു ജെനീലിയയുടെ വിവാഹം. ശേഷം നടി സിനിമയിൽ നിന്നും ഇടവേള എടുത്തു. ഇപ്പോൾ സിതാരേ സമീന്‍ പര്‍ സിനിമയിൽ ആമിർ ഖാന്റെ നായികയായി വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ് നടി. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സിദ്ധാര്‍ത്ഥ് കണ്ണനോട് സംസാരിക്കവേ നടി തന്റെ സൗത്ത് ഇന്ത്യൻ സിനിമകളെ കുറിച്ച് തുറന്നു പറഞ്ഞു.
സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ മികച്ച വേഷം ലഭിച്ചിട്ടില്ലേയെന്ന അവതാരകന്റെ ചോദ്യത്തിന് നടി ജെനീലിയ നല്‍കിയ മറുപടി ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ തരംഗമാണ്. ഹൈദരബാദില്‍ ചെന്നാല്‍ അവിടെ താന്‍ ഹരിണിയാണെന്നും തമിഴ്‌നാട്ടില്‍ താന്‍ ഇന്നും പലര്‍ക്കും ഹാസിനിയാണെന്നും ജെനീലിയ പറഞ്ഞു. മലയാളത്തില്‍ ചെയ്ത ആയിഷ എന്ന കഥാപാത്രം ശക്തമായ ഒന്നാണെന്ന് നടി കൂട്ടിച്ചേര്‍ത്തു.
സൗത്ത് ഇന്ത്യന്‍ സിനിമകള്‍ എനിക്കൊരു ലേണിങ് ഗ്രൗണ്ടായിരുന്നു. എനിക്ക് കിട്ടിയ ഏറ്റവും മികച്ച വേഷങ്ങള്‍ സൗത്ത് ഇന്ത്യയില്‍ നിന്നാണ്. ആ കഥാപാത്രങ്ങളോട് ഇപ്പോഴും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്നാല്‍ പലരും ഇപ്പോഴും എന്നെ പുതിയ സിനിമകള്‍ കൊണ്ട് മാത്രമാണ് ജഡ്ജ് ചെയ്യുന്നത്, ജെനീലിയ പറയുന്നു.
അതേസമയം, ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉറുമി. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നത്. പ്രഭുദേവ, ആര്യ, ജെനീലിയ, നിത്യ മേനന്‍, ജഗതി ശ്രീകുമാര്‍, വിദ്യ ബാലന്‍ എന്നിവരായിരുന്നു മറ്റ് താരങ്ങള്‍. വന്‍ ബജറ്റിലെത്തിയ ഉറുമി ബോക്‌സ് ഓഫീസില്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വെയ്ക്കാനായില്ല. എന്നാൽ, സിനിമാ പ്രേമികളുടെ ഇഷ്ട ചിത്രങ്ങളിലൊന്നായി ഈ സിനിമ പിന്നീട് മാറി.