Aisha Sultana: സംവിധായിക ഐഷ സുല്‍ത്താന വിവാഹിതയായി, വരന്‍ ഡെപ്യൂട്ടി കലക്ടര്‍

നിഹാരിക കെ.എസ്

തിങ്കള്‍, 7 ജൂലൈ 2025 (09:58 IST)
യുവ സംവിധായികയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുല്‍ത്താന വിവാഹിതയായി. അന്ത്രോത്ത്, അഗത്തി ദ്വീപുകളിലെ ഡെപ്യൂട്ടി കലക്ടറായി സേവനമനുഷ്ഠിച്ച ഹര്‍ഷിത് സൈനിയാണ് വരന്‍. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ഡല്‍ഹിയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹ രജിസ്‌ട്രേഷൻ. ഹരിയാന സ്വദേശികളായ ആര്‍കെ സൈനിയുടെയും ശിഖ സൈനിയുടെയും മകനാണ് ഹര്‍ഷിത്.
 
ഐഷയുടേയും ഹര്‍ഷിതിന്റേയും വിവാഹവാര്‍ത്ത നേരത്തെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ സംവിധായിക തന്നെ വിവാഹവിവരം സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട്, വിവാഹച്ചടങ്ങളുകളുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. 
 
ഫ്ലഷ് ആണ് ഐഷയുടെ ആദ്യ ചിത്രം. ലാല്‍ ജോസ് തുടങ്ങി നിരവധി സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചലച്ചിത്രത്തിന്റെ സഹസംവിധായകയാണ്. വിവിധ സാമൂഹിക വിഷയങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രതികരിച്ചതിലൂടെയാണ് ഐഷ ലക്ഷദ്വീപിന് പുറത്ത് ശ്രദ്ധനേടുന്നത്. 
 
വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ഒട്ടേറെ കേസുകളും നേരിടേണ്ടി വന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചതിന്റെ പേരില്‍ സംഘ്പരിവാര്‍ ഹാന്‍ഡിലുകളുടെ സൈബര്‍ ആക്രമണത്തിന് ഐഷ സുല്‍ത്താന ഇരയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍