ദാസേട്ടന്‍ കാറില്‍ നിന്നിറങ്ങി,ജനം കൂടി തുടങ്ങി... പിറന്നാളിന് തലേന്ന് ആശംസകള്‍ നേരാനുള്ള ഭാഗ്യം, വിനോദ് ഗുരുവായൂരന്റെ കുറിപ്പ്
വിനോദ് ഗുരുവായൂരിന്റെ വാക്കുകള്‍
ദാസേട്ടന്റെ പിറന്നാള്‍... ഓര്‍ക്കാന്‍ ഒത്തിരി ഉണ്ടെങ്കിലും, ഒരു അനുഭവം ഇവിടെ കുറിക്കുന്നു. ഞാനും പ്രശാന്ത് മാധവ് ആര്‍ട്ട് ഡയറക്ടറും കൂടി എന്റെ വീട്ടിലേക്കു കാറില്‍ പോയിക്കൊണ്ടിരിക്കുന്നു. പെട്ടെന്നാണ് വിജയ് യേശുദാസിന്റെ കാര്‍ എന്റെ വാഹനത്തെ മറി കടന്നത്. ഞാന്‍ വിജയയെ ഫോണില്‍ വിളിച്ചു. ഞാനല്ല കാറില്‍ അപ്പ ആണെന്നും, പിറന്നാളിന് മൂകാംബിക പോകുകയാണെന്നും വിജയ് പറഞ്ഞു. ഞങ്ങള്‍ എന്റെ വീടിനടുത്തു എത്താറായി. ആ സമയത്തു ദാസേട്ടനോടൊപ്പമുള്ള സുന്ദരേശന്‍ വിളിക്കുന്നു, മറുതലക്കല്‍ ദാസേട്ടന്‍... മോനെ ഞാന്‍ റോഡിനു സൈഡില്‍ വെയിറ്റ് ചെയ്യുന്നുണ്ട്. കണ്ടിട്ട് പൂവാം. പിന്നെ ഞങ്ങളുടെ യാത്ര പറയേണ്ടല്ലോ. പ്രശാന്ത് ടെന്‍ഷന്‍ ആവുന്നത് എനിക്ക് മനസിലാക്കാം. അകലെ ഒതുക്കിനിര്‍ത്തിയിരിക്കുന്ന കാര്‍ ഞങ്ങള്‍ക്ക് കാണാം. അടുത്തെത്തിയപ്പോള്‍ ദാസേട്ടന്‍ കാറില്‍ നിന്നിറങ്ങി. പെട്ടെന്നാണ്.... പ്രശാന്ത് മാധവ് റോഡില്‍ നിന്നു പൊട്ടിക്കരയുന്നു, ഒപ്പം വിറക്കുകയുമാണ്. ആദ്യമായി ദാസേട്ടനെ കണ്ടതോടെ സകലനിയന്ത്രണവും വിട്ടുപോയി അവനു. ദാസേട്ടന്‍ അവനെ ചേര്‍ത്ത് പിടിച്ചു, പിന്നെ പറയണോ. ചൂണ്ടല്‍ എന്ന എന്റെ വീടിനടുത്തുള്ള സ്ഥലത്തു വെച്ചാണ് ഇതൊക്കെ നടക്കുന്നത്. ദാസേട്ടനെ കണ്ടതോടെ ജനം കൂടി തുടങ്ങി... പിറന്നാളിന് തലേന്ന് ആശംസകള്‍ നേരാനുള്ള ഭാഗ്യം, ഞങ്ങള്‍ക്ക് തന്നു ആ വാഹനം അകന്നു പോയി. വഴിയില്‍ കാത്തുനിന്ന് മനസ്സ് നിറച്ചു സ്‌നേഹവും, ഓര്‍മ്മകളും നല്‍കിയ ദാസേട്ടന് പിറന്നാള്‍ ആശംസകള്‍