വെങ്കി അടലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കർ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തോടെ തെലുങ്കിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. നാല് ദിവസം കൊണ്ട് ചിത്രം 55 കോടിയാണ് നേടിയത്. ദുൽഖർ ഇതിന് മുൻപ് ചെയ്ത രണ്ട് ചിത്രങ്ങളും 50 കോടി കടന്നിരുന്നു. ഹാട്രിക് വിജയമാണ് ദുൽഖറിന്. ഒരു കാലത്ത് തെലുങ്ക് അറിയില്ലെന്ന് പറഞ്ഞ് വന്ന ഓഫറുകൾ എല്ലാം നിരസിച്ച ആളാണ് ദുൽഖർ. എന്നാൽ, ഇന്ന് താൻ ചെയ്യുന്ന സിനിമകളെല്ലാം തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ഡബ്ബ് ചെയ്യുന്നത് ദുൽഖർ തന്നെയാണ്.
നാഗ് അശ്വിൻ സംവിധാനം ചെയ്ത മഹാനടി ആയിരുന്നു ദുൽഖറിന്റെ ആദ്യ തെലുങ്ക് ചിത്രം. ഓ.കെ കണ്മണി എന്ന തമിഴ് ചിത്രത്തിലെ പ്രകടനം കണ്ടാണ് നാഗ് അശ്വിൻ ദുൽഖറിനെ സമീപിച്ചത്. എന്നാൽ, തനിക്ക് തെലുങ്ക് അറിയില്ലെന്ന് പറഞ്ഞ് താരം മാറി നിൽക്കുകയായിരുന്നു ചെയ്തത്. അന്ന് പിന്നോട്ട് വെച്ച കാൽ ദുൽഖർ രണ്ടും കൽപ്പിച്ച് മുന്നോട്ടെടുക്കുകയായിരുന്നു. മഹാനടി ഹിറ്റായി. പിന്നാലെ ഇറങ്ങിയ സീതാരാമം എന്ന ചിത്രവും ഹിറ്റായി. ഇപ്പോൾ ലക്കി ഭാസ്കറും ഹിറ്റിലേക്ക്.
റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ച ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് ലക്കി ഭാസ്‌കര്‍ കളക്ട് ചെയ്തത് എട്ട് കോടിയാണ്. റിലീസ് ദിനത്തില്‍ 6.45 കോടിയായിരുന്നു കളക്ഷന്‍. രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ 6.55 കോടിയായും മൂന്നാം ദിനത്തില്‍ 7.5 കോടിയായും കളക്ഷന്‍ ഉയര്‍ന്നു. നാലാം ദിനമായ ഞായറാഴ്ച എട്ട് കോടി കളക്ട് ചെയ്തതോടെ ഇതുവരെയുള്ള ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 30 കോടിയിലേക്ക് അടുത്തു. വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസില്‍ ഞായറാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 55 കോടി മറികടന്നു. ദുൽഖർ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.