ദീപാവലി റിലീസ് ചിത്രങ്ങളുടെ വിന്നറാകാൻ ശിവകാർത്തികേയന്റെ അമരൻ. രാജ്‌കുമാർ പെരിയസാമിയുടെ സംവിധാനത്തിൽ പിറന്ന ഈ ഇമോഷണൽ ആർമി ചിത്രം തമിഴ്‌നാട്ടിൽ നിന്നും കോടികളാണ് നേടുന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. മേജർ ആയി ശിവകാർത്തികേയൻ കാഴ്ച വെച്ചിരിക്കുന്നത് അമ്പരപ്പിക്കുന്ന പ്രകടനമാണ്. സായ് പല്ലവിയും പ്രകടനത്തിൽ മുന്നിലെത്തി. വെറും മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ കയറിയിരിക്കുകയുമാണ് ചിത്രം.
ശിവകാർത്തികേയന്റെ കരിയറിൽ തന്നെ ഇത്രയും വേഗം 100 കോടി ക്ലബ്ബിൽ കയറുന്ന ചിത്രം വേറെയില്ല. ഇതിന് മുൻപ് 2 സിനിമകൾ മാത്രമാണ് 100 കോടി ക്ലബിൽ കയറിയിട്ടുള്ളത്. ഡോക്ടർ, ഡോൺ എന്നിവയാണ് ആ ശിവകാർത്തികേയൻ പടങ്ങൾ. അതിൽ തന്നെ, 25 ദിവസം കൊണ്ടാണ് ഡോക്ടർ 100 കോടി നേടിയത്. ഡോൺ 100 കോടി ക്ലബിലെത്താൻ 12 ദിവസമെടുത്തു. എന്നാൽ, അമരന് വേണ്ടി വന്നത് വെറും 3 ദിവസം മാത്രം. അഞ്ചാം ദിവസമായ ഇന്നും അപാര ബുക്കിങ് ആണ് ചിത്രത്തിന് ലഭിക്കുന്നത്.
വിജയ്ക്ക് ശേഷം ഇനിയാര് എന്ന ചോദ്യത്തിന് പലരും നൽകുന്ന മറുപടിയാണ് ശിവകാർത്തികേയൻ എന്നത്. വിജയ്‌യോളം സ്റ്റാർഡം ഇല്ലെങ്കിലും തനിക്ക് ശേഷം എസ്.കെ എന്ന് ഗോട്ടിലൂടെ വിജയ് തന്നെ പരോക്ഷമായി സൂചന നൽകിയ സ്ഥിതിക്ക് ആരാധകർ അതങ്ങ് ഏറ്റെടുക്കാനും സാധ്യതയുണ്ട്. വേണ്ടവിധത്തിൽ തന്റെ സ്റ്റാർഡം ഉപയോഗിച്ചാൽ തമിഴിലെ ടയർ എയിൽ കയറാൻ ശിവകാർത്തികേയന് സാധിക്കും.