ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'ലക്കി ഭാസ്‌കര്‍' തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. തെലുങ്കില്‍ മാത്രം ചിലപ്പോള്‍ ഹിറ്റായേക്കാമെന്ന് ദുല്‍ഖറിന്റെ ആരാധകര്‍ പോലും വിധിയെഴുതിയ ചിത്രമാണ് പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയായിരിക്കുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് ലക്കി ഭാസ്‌കറിന്റെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍ 25 കോടി പിന്നിട്ടു. ആദ്യദിനത്തേക്കാള്‍ കളക്ഷനാണ് രണ്ടാം ദിനത്തില്‍ ചിത്രത്തിനു ലഭിച്ചത്.
ആദ്യദിനം ആഗോള തലത്തില്‍ 12 കോടി 70 ലക്ഷത്തിന് മുകളിലാണ് ചിത്രം നേടിയത്. രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ 13 കോടി 50 ലക്ഷമായി. ആദ്യദിനമായ വ്യാഴാഴ്ച കേരളത്തില്‍ നിന്ന് മാത്രം കളക്ട് ചെയ്തത് രണ്ട് കോടിക്ക് മുകളില്‍. വര്‍ക്കിങ് ഡേ ആയിട്ടും രണ്ടാം ദിനമായ വെള്ളിയാഴ്ചയും രണ്ട് കോടിക്ക് അടുത്ത് ചിത്രം കേരളത്തില്‍ നിന്ന് മാത്രം വാരിക്കൂട്ടി. ആഗോള തലത്തില്‍ 26 കോടി 20 ലക്ഷമാണ് ദുല്‍ഖര്‍ ചിത്രം രണ്ട് ദിവസം കൊണ്ട് കളക്ട് ചെയ്തത്.
'കിങ് ഓഫ് കൊത്ത'യുടെ പരാജയത്തിന്റെ പേരില്‍ കഴിഞ്ഞ കുറേകാലമായി ദുല്‍ഖര്‍ പരിഹാസങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കുകയായിരുന്നു. എന്നാല്‍ എല്ലാ വിമര്‍ശനങ്ങള്‍ക്കും ലക്കി ഭാസ്‌കറിലൂടെ മറുപടി നല്‍കുകയാണ് താരം. കേരളത്തില്‍ ആദ്യദിനം 175 സ്‌ക്രീനുകളിലെത്തിയ ചിത്രം രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളിലേക്ക് ഉയര്‍ന്നു. കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.