'അനുമതിയില്ലാതെ സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഇറക്കാന്‍ ശ്രമിച്ചു'; സംവിധായകൻ ഭദ്രന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

Webdunia
വെള്ളി, 19 ഏപ്രില്‍ 2019 (11:39 IST)
സ്ഫടികം സിനിമയുടെ രണ്ടാം ഭാഗമെന്നവകാശപ്പെട്ട് ടീസര്‍ പുറത്തുവിട്ടതിനെതിരെ പൊലീസ് കേസെടുത്തു. സ്ഫടികം സിനിമയുടെ സംവിധായകന്‍ ഭദ്രന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
 
തന്റെ അനുമതിയില്ലാതെ രണ്ടാം ഭാഗം ഇറക്കാന്‍ ശ്രമിച്ച ഏഴാച്ചേരി സ്വദേശി കടയ്ക്കല്‍ ബിജുവിനെതിരെയാണ് ഭദ്രന്‍ പരാതി നല്‍കിയത്. ഭദ്രന്റെയോ മറ്റു സിനിമ പ്രവര്‍ത്തകരുടെയോ അനുമതിയില്ലാതെയാണ് ബിജു ടീസര്‍ പുറത്തുവിട്ടത്. ഇതിനെതിരെ പകര്‍പ്പവകാശ നിയമപ്രകാരമാണു ഭദ്രന്‍ പൊലീസില്‍ പരാതി നല്‍കിയത്.
 
ഡിവൈഎസ്പി കെ ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം. സ്ഫടികം ഒന്നേയുള്ളുവെന്നും അതിന് രണ്ടാംഭാഗം എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും രണ്ടാം ഭാഗം ഇറക്കാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്നും നേരത്തെ ഭദ്രന്‍ വ്യക്തമാക്കിയിരുന്നു.
 
സ്ഫടികം സിനിമയുമായി ബന്ധപ്പെട്ട ഒരു റെഫറന്‍സും ആ സിനിമയില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ആടുതോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണി എന്ന അവകാശവാദവുമായി ആരും സിനിമ എടുക്കേണ്ടെന്നും അങ്ങിനെ ചെയ്യുകയാണെല്‍ നിയമനടപടികളുമായി താന്‍ മുന്നോട്ട് പോകുമെന്നും ആടുതോമയെ വച്ച് ആരും സിനിമ ഇറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ഒരു സിനിമ ഇറക്കാന്‍ സമ്മതിക്കുകയില്ലെന്നും. അതിനായി ആരും മിനക്കടേണ്ടെന്നും ഭദ്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
 
ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥ പറയുന്നു എന്ന് പറഞ്ഞു കൊണ്ടാണ് കടയ്ക്കല്‍ ബിജു ടീസര്‍ പുറത്തുവിട്ടത്. ചിത്രം എന്തായാലും റിലീസ് ചെയ്യുമെന്ന് ബിജു പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ടീസറിനെതിരെ വന്നിരുന്നു. മലയാളത്തിലെ യുവ സൂപ്പര്‍ താരമാണ് സ്ഫടികത്തിന്റെ രണ്ടാംഭാഗത്തില്‍ നായകനാകുന്നതെന്നും ചിത്രത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ എത്തുമെന്നും സംവിധായകന്‍ ബിജു കെ പറഞ്ഞിരുന്നു. സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈല എന്ന കഥാപാത്രത്തിന്റെ മകളായാണ് താരം ചിത്രത്തിലെത്തുന്നതെന്നുമായിരുന്നു വാര്‍ത്തകൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article