'തെറ്റിദ്ധാരണമൂലം മമ്മൂട്ടി ചിത്രീകരണ സമയത്ത് നല്ല രീതിയിൽ സഹകരിച്ചില്ല, പുറത്ത് പറയാന്‍ പറ്റാത്ത പല കാര്യങ്ങളും അണിയറയില്‍ നടന്നു'

ബുധന്‍, 7 നവം‌ബര്‍ 2018 (12:35 IST)
'അയ്യർ ദി ഗ്രേറ്റ്', ഭദ്രൻ - മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ ഒരു മികച്ച മലയാളം ചിത്രം. പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തെങ്കിലും പല വിവാദങ്ങളും പിന്തുടർന്ന ഒരു ചിത്രം കൂടിയായിരുന്നു അത്. ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് സംസ്സാസംസാരിച്ചിരിക്കുകയാണ് സംവിധായകനായ ഭദ്രൻ. ഒരു മാസികയ്‌ക്ക് കൊടുത്ത അഭിമുഖത്തിലാണ് സംവിധായകൻ ചില തുറന്നുപറച്ചിലുകൾ നടത്തിയത്.
 
'കോയമ്പത്തൂരിലെ ഒരു വര്‍ക്ക് ഷോപ്പ് ജീവനക്കാരന്റെ മകന് ശക്തമായ ഇടിമിന്നലേറ്റു. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ആ പയ്യന്‍ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് മാറി. പെട്ടന്നൊരു ദിവസം അവന്‍ ഒരു പ്രവചനം നടത്തി. തന്റെ വീടിനടുത്ത് താമസിക്കുന്ന ഒരു പയ്യനെ ഒരു കൂട്ടം ആളുകള്‍ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊല്ലും എന്നായിരുന്നു അത്. ആരും അത് കാര്യമായി എടുത്തില്ല. എന്നാല്‍ അത് സംഭവിച്ചു. ഈ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഞാന്‍ തിരക്കഥ എഴുതാന്‍ മലയാറ്റൂര്‍ രാമകൃഷ്ണനെ സമീപിച്ചത്. 
 
പണം വാങ്ങി, പറഞ്ഞപ്പോലെ അദ്ദേഹം മൂന്ന് മാസം കൊണ്ട് തിരക്കഥ പൂര്‍ത്തിയാക്കിത്തന്നു, മുന്‍കൂര്‍ ജാമ്യം പോലെ ഒരു കാര്യം പറഞ്ഞു, മറ്റ് ചില പ്രശ്നങ്ങള്‍ കാരണം തിരക്കഥയില്‍ അദ്ദേഹത്തിന് വേണ്ടത്ര വിധം ശ്രദ്ധ ചെലുത്താനായില്ലെന്ന്. വായിച്ചു നോക്കിയപ്പോള്‍ ശരിയാണ്, എന്റെ പ്രതീക്ഷയ്ക്കൊത്ത് അത് ഉയര്‍ന്നില്ല. ഒരുപാട് കഠിനാധ്വാനം ചെയ്താണ് തിരക്കഥ സിനിമയ്ക്ക് വേണ്ട രീതിയില്‍ മാറ്റിയത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഉള്‍പ്പെടെയുള്ള സ്പെഷ്യല്‍ ഇഫക്ട്സുകള്‍ മലയാള സിനിമയില്‍ ആദ്യമായി അവതരിപ്പിച്ചത് ഈ ചിത്രത്തിലായിരുന്നു.
 
രതീഷ് മറ്റു ചില ആവശ്യങ്ങള്‍ക്കായി പണം റോള്‍ ചെയ്യുകയും അവസാനം സിനിമ പൂര്‍ത്തിയാക്കാനാവാത്ത അവസ്ഥ വരികയും ചെയ്‌തു. അതിനിടെ ഭദ്രന്‍ പണം ധൂര്‍ത്തടിക്കുന്ന സംവിധായകനാണെന്ന് നിര്‍മാതാക്കളുടെ ഇടയില്‍ ശ്രുതി പരന്നു. ചിത്രീകരണ സമയത്ത് മമ്മൂട്ടിയും എന്നെ ഒരുപാട് തെറ്റിദ്ധരിച്ചു. പിന്നീട് അദ്ദേഹം വേണ്ട രീതിയില്‍ സഹകരിച്ചില്ല. അവസാനം മറ്റു ചിലര്‍ ഇടപെട്ട് സംവിധായകന്റെ സ്ഥാനത്ത് നിന്ന് എന്നെ നീക്കം ചെയ്യാനുള്ള ശ്രമം വരെ നടന്നു. പുറത്ത് പറയാന്‍ പറ്റാത്ത പല കാര്യങ്ങളും ആ സിനിമയുടെ അണിയറയില്‍ നടന്നു. എന്നാല്‍ ആ സിനിമ റിലീസ് ചെയ്തപ്പോള്‍ എന്നേക്കുറിച്ചുള്ള അഭിപ്രായം മാറി. ചിത്രം സൂപ്പര്‍ ഹിറ്റായി. തമിഴ്നാട്ടില്‍ 150 ദിവസത്തിലധികം ചിത്രം ഓടി’- ഭദ്രന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍