മോഹന്‍ലാല്‍ എന്റെ അടുത്ത് വന്ന് നിന്നു, ലാലിന്റെ അടുത്തുനിന്ന് മാറിനില്‍ക്കാന്‍ വല്ല്യമ്മ എന്നോട് പറഞ്ഞു: ഭാഗ്യലക്ഷ്മി

Webdunia
ചൊവ്വ, 6 ജൂലൈ 2021 (08:32 IST)
ഡബ്ബിങ് രംഗത്ത് മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് ഭാഗ്യലക്ഷ്മി. നിരവധി അവാര്‍ഡുകള്‍ ഇതിനോടകം സ്വന്തമാക്കിയ ഭാഗ്യലക്ഷ്മി സിനിമയില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ആദ്യകാല ഡബ്ബിങ് അനുഭവങ്ങള്‍ പലപ്പോഴും ഭാഗ്യലക്ഷ്മി പങ്കുവച്ചിട്ടുണ്ട്. അതില്‍ ഒന്നാണ് തന്റെ വല്ല്യമ്മയെ കുറിച്ചുള്ളത്. കൈരളി ടിവിയിലെ ജെ.ബി.ജങ്ഷന്‍ പരിപാടിയിലാണ് ഭാഗ്യലക്ഷ്മി രസകരമായ സംഭവം വിവരിച്ചിരിക്കുന്നത്. 
 
ഡബ്ബിങ്ങിന്റെ തുടക്കകാലമാണ് അത്. ഡബ്ബിങ്ങിന് പോകുമ്പോള്‍ വല്ല്യമ്മയും ഭാഗ്യലക്ഷ്മിക്കൊപ്പം ഉണ്ടാകും. തിരനോട്ടം എന്ന സിനിമയുടെ ഡബ്ബിങ് സമയത്ത് ഉണ്ടായ അനുഭവം ഭാഗ്യലക്ഷ്മി പങ്കുവയ്ക്കുന്നത് ഇങ്ങനെ: 
 
'തിരനോട്ടം ഡബ്ബിങ് സമയത്ത് ഞാനും മോഹന്‍ലാലും ഒരുമിച്ചുണ്ട്. പ്രിയന്‍ ഡബ്ബിങ് കണ്‍സോളില്‍ ഇരിക്കുന്നു. സുരേഷ് കുമാര്‍ നിര്‍മാതാവായി അവിടെയുണ്ട്. അന്നൊക്കെ ഡബ്ബിങ്ങിനായി ഒരുമിച്ച് മെക്കില്‍ നില്‍ക്കണമല്ലോ..മോഹന്‍ലാല്‍ അന്ന് അത്ര വലിയ താരമായിട്ടില്ല. മോഹന്‍ലാല്‍ പെട്ടന്ന് എന്റെ അടുത്ത് വന്നുനിന്നു. അപ്പോള്‍ വല്ല്യമ്മയുടെ പ്രതികരണം അറിയാവുന്നതുകൊണ്ട് ഞാന്‍ പിന്നിലേക്ക് തിരിഞ്ഞുനോക്കി. മോഹന്‍ലാലിന്റെ അടുത്തുനിന്ന് മാറിനില്‍ക്കാന്‍ വല്ല്യമ്മ കണ്ണുകൊണ്ട് ആക്ഷന്‍ കാട്ടുന്നുണ്ടായിരുന്നു. മോഹന്‍ലാല്‍ എന്നല്ല എല്ലാ നടന്‍മാരെയും വല്ല്യമ്മ ആ കണ്ണിലൂടെയാണ് നോക്കിക്കാണുന്നത്. പിന്നീട് ഊണ് കഴിച്ചുകഴിഞ്ഞ് കൈ കഴുകാന്‍ പോയപ്പോള്‍ ലാല്‍ കൂടെവന്ന് എന്നോട് കുശുകുശുക്കാന്‍ തുടങ്ങി. ഈ കിളവി എപ്പോഴും കൂടെ കാണുമോ എന്ന് ലാല്‍ എന്നോട് ചോദിച്ചു. കാണുമെന്ന് ഞാന്‍ പറഞ്ഞു. കൈ കഴുകി തിരിച്ചെത്തിയപ്പോള്‍ എന്താടി അവനോട് അവിടെ വച്ച് പറഞ്ഞതെന്ന് വല്ല്യമ്മ എന്നോട് ചോദിച്ചു. സൂക്ഷിച്ചു കണ്ടുമൊക്കെ നില്‍ക്കണമെന്ന ഉപദേശവും നല്‍കി,' ഭാഗ്യലക്ഷ്മി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article