2022ലെ പരാജയ ചിത്രങ്ങള്‍, മോഹന്‍ലാല്‍ മുതല്‍ കീര്‍ത്തി സുരേഷ് വരെ !

കെ ആര്‍ അനൂപ്
ബുധന്‍, 21 ഡിസം‌ബര്‍ 2022 (15:21 IST)
പ്രഖ്യാപനം കൊണ്ട് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പരാജയമായി മാറി. മോഹന്‍ലാല്‍ മുതല്‍ പൃഥ്വിരാജിന്റെ വരെ സിനിമകള്‍ അക്കൂട്ടത്തില്‍ ഉണ്ട്. 2022-ല്‍ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ട മലയാളത്തിലെ മുന്‍നിര സിനിമകളുടെ ലിസ്റ്റ് ഇതാ. 

ആറാട്ട്
മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'ആറാട്ട്' ഫെബ്രുവരി18നായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ശ്രദ്ധ ശ്രീനാഥ് ആയിരുന്നു നായിക. ആസിഫ് അലി ചിത്രം കോഹിന്നൂറിന് ശേഷം കന്നഡ നടി വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയത് ഈ സിനിമയിലൂടെയാണ്. എന്നാല്‍ പ്രതീക്ഷിച്ച വിജയം ചിത്രത്തിന് നേടാനായില്ല.
 
കേശു ഈ വീടിന്റെ നാഥന്‍
ദിലീപ് നാദിര്‍ഷാ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം 'കേശു ഈ വീടിന്റെ നാഥന്‍' പ്രതീക്ഷിച്ചത്ര ചിരിപ്പിച്ചില്ല.ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തിയ സിനിമയ്ക്ക് ശേഷം രണ്ടാളും വീണ്ടും ഒന്നിക്കുമോ എന്നത് കണ്ട് തന്നെ അറിയണം. ന്യൂ ഇയര്‍ റിലീസായി എത്തിയ സിനിമ കൂടിയായിരുന്നു ഇത്.
 
കുറ്റവും ശിക്ഷയും
ആസിഫ് അലി, സണ്ണി വെയ്ന്‍, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറ്റവും ശിക്ഷയും. പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ തിയേറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കിയില്ല.
 
ജാക്ക് ആന്‍ഡ് ജില്‍
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യ്ത ജാക്ക് ആന്‍ഡ് ജില്‍ തിയേറ്ററുകള്‍ എത്തിയപ്പോഴേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.ഒടിടി റിലീസ് ചെയ്തപ്പോഴും ആളുകള്‍ക്ക് സിനിമയോട് ഇഷ്ടം തുടങ്ങിയ താരനിര ഉണ്ടായിട്ടും സിനിമയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടേയിരുന്നു. മെയ് 20നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
 
ഡിയര്‍ ഫ്രണ്ട്
'ഡിയര്‍ ഫ്രണ്ട്' എന്ന ടോവിനോ തോമസ് ചിത്രം സംവിധാനം ചെയ്തുകൊണ്ട് വലിയ തിരിച്ചുവരവിന് പാതയിലാണ് വിനീത് കുമാര്‍.ഡിയര്‍ ഫ്രണ്ട് തിയേറ്ററുകള്‍ വിട്ട് ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ സംവിധായകനെ പ്രശംസിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. 10 ജൂണിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
 
വാശി
ജൂണ്‍ 17ന് പ്രദര്‍ശനത്തിനെത്തിയ ടോവിനോ തോമസ് ചിത്രമാണ് വാശി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ജൂലൈ 17 ന് ഒ.ടി.ടി റിലീസ് ചെയ്തു.അച്ഛന്‍ സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആദ്യമായാണ് കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്.
 
ഗോള്‍ഡ്
വലിയ പ്രതീക്ഷയോടെയാണ് അല്‍ഫോന്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡ് തിയേറ്ററുകളില്‍ എത്തിയത്. പലതവണ റിലീസ് മാറ്റിയ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. എന്നാല്‍ നിര്‍മ്മാതാക്കളെ സംബന്ധിച്ചിടത്തോളം സിനിമ ലാഭമായിരുന്നു എന്ന് പൃഥ്വിരാജ് അടുത്തിടെ ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article