രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയാണ്. കേരള ചരിത്രത്തില്‍ ആദ്യമായാണ് കാലാവധി പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കുന്നത്. പിണറായി വിജയന്റെ ഈ ചരിത്രനേട്ടത്തിനു ആശംസകള്‍ അര്‍പ്പിക്കുകയാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. പിണറായി വിജയനുമായുള്ള ആത്മബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് ബാലചന്ദ്രമേനോന്‍.
ബാലചന്ദ്രമേനോന്റെ കുറിപ്പ് വായിക്കാം
ഇന്ന് ഒരു നല്ല ദിവസം ആണ്....അത് അങ്ങിനെ തന്നെ ആകണമെന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുന്നു...എന്തെന്നാല്‍, ഇന്ന് ശ്രീ പിണറായി വിജയന്‍ ചരിത്രം തിരുത്തി എഴുതിക്കൊണ്ടു ഒരു തുടര്‍ഭരണത്തിന്റെ കപ്പിത്താനായി, കേരളാ മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുകയാണ്.
ഇനി പറയട്ടെ....
ഈ എഴുത്തിന്റെ പിന്നില്‍ യാതൊരു രാഷ്ട്രീയ ദുഷ്ടലാക്കുമില്ല. ഞങ്ങള്‍ തമ്മില്‍ വ്യക്തിപരമായ ഒരു ഇടപെടലുകളും ഇന്നിത് വരെ ഉണ്ടായിട്ടില്ല. പിണറായി വിജയന്‍ എന്ന പേര് ഞന്‍ ആദ്യമായി പറഞ്ഞുകേള്‍ക്കുന്നത് യുണിവേഴ്സിറ്റി കോളേജ് ചെയര്‍മാന്‍ ആയിരിക്കെ യുണിറ്റ് സെക്രട്ടറി ആയിരുന്ന ലെനിന്‍ രാജേന്ദ്രന്‍ മുഖേനയാണ് ( SFI യുടെ പിന്തുണയില്‍ മത്സരിച്ചാണ് ഞാന്‍ അന്ന് ഐതിഹാസികമായ വിജയം നേടിയത് എന്ന് കൂടി സൂചിപ്പിക്കട്ടെ). കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിന് പാര്‍ട്ടി സെക്രട്ടറിയായ പിണറായിയെ കിട്ടാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും നടന്നില്ല. എന്റെ കോളേജ് രാഷ്ട്രീയവും അവിടം കൊണ്ടു തീര്‍ന്നു.
പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ കൊല്ലം പട്ടത്താനുള്ള വീട്ടില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. എന്റെ അമ്മയുടെ പെട്ടന്നുള്ള ദേഹവിയോഗം കൊല്ലത്തു ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന അദ്ദേഹം കേട്ടറിഞ്ഞു നടത്തിയ ഒരു സ്വാന്തന സന്ദര്‍ശനമായിരുന്നു അത്. അങ്ങിനെ 'സ്വന്തം എന്നൊരു' തോന്നല്‍ എന്റെ മനസ്സിലുണ്ടായത് സ്വാഭാവികം. എന്നാല്‍ പിന്നീട് ആ തോന്നല്‍ വര്‍ധിക്കാനുള്ള സംഗമങ്ങള്‍ ഒന്നും ഉണ്ടായില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ.
പിന്നീട് പിണറായിയെ ഞാന്‍ ദൂരെ നിന്ന് വീക്ഷിക്കുകയായിരുന്നു...പണ്ടേ വായ്‌നോട്ടം പ്രിയമുള്ള എനിക്ക് പിണറായിയെ നിരീക്ഷിക്കാന്‍ ഒരു പ്രത്യേക കൗതുകമുണ്ടായിരുന്നു. എന്നും വിവാദങ്ങളുമായി അഭിരമിക്കുന്നതില്‍ അദ്ദേഹം ഉത്സുകനായി എനിക്ക് തോന്നിയിട്ടുണ്ട്. ഉപയോഗിക്കുന്ന പദപ്രയോഗങ്ങളിലും ശരീര ഭാഷയിലും ഒരു രാഷ്ട്രീയക്കാരന്റെ ഒതുക്കമോ മിതത്വമോ എന്തിന് നയപരമായ ഒരു കൗശലമോ കാണിക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. 'ഇതാണ് ഞാന്‍' എന്ന സത്യസന്ധമായ ഒരു പ്രകടനമായിരുന്നു അദ്ദേഹം അവലംബിച്ചത്. ധാര്‍ഷ്ട്യക്കാരന്‍, തന്നിഷ്ടക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ നിരൂപിക്കാനുള്ള പ്രവണത പൊതു സമൂഹത്തിനുണ്ടായത് അങ്ങിനെ എന്നു തോന്നുന്നു. എന്നാല്‍, കാലത്തിനോത്ത് പിണറായി അത്യാവശ്യം മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ തയ്യാറായി എന്ന് പറയാതെ വയ്യ. അടുക്കും ചിട്ടയുമോടെ സംസാരിക്കാനും അത്യാവശ്യം നര്‍മ്മം വിളമ്പാനും എന്തിന് ചിരിക്കാനും പൊട്ടിച്ചിരിക്കാനും വരെ സജ്ജമായി എന്നുള്ളത് എടുത്തു പറഞ്ഞെ പറ്റൂ.
ഇക്കുറി ശ്രീ പിണറായീ നേടിയ ചരിത്ര വിജയത്തിന്റെ പിന്നിലെ രഹസ്യം എന്തെന്ന് ഇനിയും എത്ര കവടി നിരത്തിയിട്ടും ആര്‍ക്കും മനസ്സിലാകുന്നില്ല. പക്ഷെ ആരെന്തു പറഞ്ഞാലും എന്തൊക്കെ വ്യഖ്യാനിച്ചാലും ജനാധിപത്യത്തിന്റെ വിജയം ഭൂരിപക്ഷം ആയിരിക്കെ പിണറായി ജേതാവ് തന്നെയാണ്. രാഷ്രീയ ഭാഷ കടമെടുത്താല്‍ 'അര്‍ത്ഥശങ്കക്കിടയില്ലാത്തവണ്ണം' അദ്ദേഹം വിജയശ്രീലാളിതനാണ്. 'NOTHING SUCCEEDS LIKE SUCCESS' എന്ന സായിപ്പിന്റെ തീര്‍പ്പു നമുക്കും അംഗീകരിച്ചുകൊണ്ട് ഈ നല്ല നാളില്‍ ശ്രീ പിണറായീ വിജയനെയും അദ്ദേഹം തന്റേടത്തോടെ അവതരിപ്പിക്കുന്ന പുതുമുഖ മന്ത്രിമാരെയും സര്‍വാന്മന സ്വാഗതം ചെയ്യാം..
ഇനിയാണ് എനിക്ക് ഒരു കാര്യംശ്രദ്ധയില്‍പെടുത്താനുള്ളത്.
അധികാരമേല്‍ക്കുന്ന മുഖ്യമന്ത്രി ഈ നിമിഷം അണിഞ്ഞിരിക്കുന്നത് ഒരു മുള്‍ക്കിരീടം തന്നെയാണ്. കോവിഡിന്റെ പൂണ്ടടക്കമുള്ള ആക്രമണം ഒരു ഭാഗത്തു..അറബിക്കടലിലെ ന്യൂനമര്‍ദം മറ്റൊരിടത്ത്..ഡെങ്കിപ്പനിയും ബ്ലാക്ക് ഫങ്കസും തൊട്ടു പിന്നാലെ.... ഈ ചുറ്റുപാടില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മറന്ന് നമ്മുടെ കൊച്ചുകേരളത്തെ ഒന്ന് 'ഉഷാറായി' എടുക്കുന്നതിലേക്കു മുഖ്യമന്ത്രിയുടെ കരങ്ങള്‍ക്കു ശക്തി പകരാനുള്ള ഒരു ബാധ്യത ഓരോ പൗരനുമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആരും പ്രതീക്ഷിക്കാത്ത ഒരു ദുര്‍ഘടസന്ധിയിലൂടെയാണ് നാം കടന്നുപോകുന്നത്. രാവിലെ ഷട്ടില്‍ കളിക്കുന്ന നിലയില്‍ കണ്ട ആളിനെ വൈകിട്ട് ശ്മശാനത്തില്‍ ദഹനത്തിനുള്ള ജഡമായി കാണുന്ന വേഗതയില്‍ മരണം ചുറ്റുപാടും താണ്ഡവ നൃത്തം നടത്തുന്നു. റോഡിലോട്ടു ഇറങ്ങിയാല്‍ പോലീസ് പിടിക്കുമെന്ന് പേടിച്ചു വായും പൊത്തി വീട്ടിനുള്ളില്‍ കതകടച്ചിരിക്കേണ്ട ജയില്‍ പുള്ളികളായി നാം മനസ്സ് കൊണ്ട് മാറിയിരിക്കുന്നു. ഇന്ന് അധികാരമേല്‍ക്കുന്ന സര്‍ക്കാര്‍ ആണ് നമുക്കു അവലംബം.
'സര്‍ക്കാരുണ്ടല്ലോ...ചെയ്യട്ടെ' എന്ന നിലപാട് നമുക്ക് വേണ്ട....ഇത് നമ്മുടെ നാടിന്റെ പ്രശ്‌നമാണ്....നമ്മുടെ പ്രശ്‌നമാണ്...എത്രയും പെട്ടന്ന് ഈ കോവിഡ് മഹാമാരിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളില്‍ സര്‍ക്കാരിനുള്ള കൂട്ടായ പിന്തുണ നമുക്ക് നല്‍കാം. തല്‍ക്കാലം പുര കത്തിക്കൊണ്ടിരിക്കുകയാണെന്നു നമുക്ക് എല്ലാവര്‍ക്കും അറിയാം. ഈ നേരം നോക്കി ആരും ഇല വെട്ടാന്‍ പോകരുത് എന്നാണു 'റോസസ് ദി ഫാമിലി ക്ലബ്ബ്' എന്ന കുടുംബ കൂട്ടായ്മയുടെ പേരില്‍ എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. ഈ സന്ധി ഒന്ന് താണ്ടിക്കഴിഞ്ഞാല്‍ നമുക്ക് വീണ്ടും രാഷ്ട്രീയം കളിക്കാം. രാഷ്ട്രീയത്തില്‍ കളിയും കളിയില്‍ രാഷ്ട്രീയവുമില്ലെങ്കില്‍ പിന്നെ എന്ത് രസം...അല്ലെ? that's ALL your honour !