പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയ്ക്കു വേണ്ടിയാണ് താന്‍ രാവിലെ കറക്ട് സമയത്തിനു ഷൂട്ടിനു പോയിട്ടുള്ളതെന്ന് നടന്‍ ബൈജു സന്തോഷ്. ഭയങ്കര സ്‌നേഹമൊക്കെ ആണെങ്കിലും ജോലി കാര്യത്തില്‍ പൃഥ്വി പ്രഫഷണല്‍ ആണെന്നും ബൈജു പറഞ്ഞു. ഗുരുവായൂരമ്പലനടയില്‍ സിനിമയുടെ വിജയാഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു ബൈജു. പൃഥ്വിരാജാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും സിനിമ നിര്‍മിച്ചിരിക്കുന്നതും.
'ഞാന്‍ ഒരുപാട് സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. എനിക്ക് ആരെയും പ്രത്യേകിച്ച് ഭയം ഒന്നും തോന്നിയിട്ടില്ല. പക്ഷെ ഞാന്‍ കറക്ടായിട്ട് രാവിലെ ഷൂട്ടിങ്ങിനു പോയിട്ടുള്ളത് രാജു സംവിധാനം ചെയ്ത സിനിമയ്ക്ക് വേണ്ടിയാണ്. കാരണം ആള് ഭയങ്കര സ്‌നേഹം ഒക്കെയാണ് പക്ഷേ ഭയങ്കര പ്രഫഷണല്‍ ആണ്. രാവിലെ കറക്റ്റ് സമയത്ത് ചെന്നില്ലെങ്കില്‍ ഒരു നോട്ടമൊക്കെ ഉണ്ട്. ഒരു നോട്ടം മാത്രമേ ഉള്ളൂ. അതു കാണുമ്പോള്‍ എനിക്ക് സുകുവേട്ടനെ (സുകുമാരന്‍) ഓര്‍മ വരും. സുകുവേട്ടന്റെ അതേ നോട്ടമാണ്,' ബൈജു പറഞ്ഞു.
ഗുരുവായൂരമ്പലനടയില്‍ സിനിമയുമായി ബന്ധപ്പെട്ട രസകരമായ ഒരു അുഭവവും ബൈജു പങ്കുവെച്ചു. " ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇതിന്റെ ഡബ്ബിങ് മാര്‍ച്ച് അവസാനം ആയിരുന്നു. എന്റെ മകളുടെ കല്യാണം ഏപ്രില്‍ അഞ്ചിനും. പ്രതിഫലമായി ബാങ്കില്‍ ക്യാഷ് വന്നപ്പോള്‍ അതില്‍ അഞ്ചു ലക്ഷം രൂപ കൂടുതല്‍ ഉണ്ട്. ഞാന്‍ വിചാരിച്ചു എന്താ ഇത് കൂടുതല്‍ ആണല്ലോ ഇവര്‍ക്ക് തെറ്റ് പറ്റിയതാണോ. അങ്ങോട്ട് വിളിച്ചു പറയുന്നതല്ലേ നല്ലത് എന്നുകരുതി ഞാന്‍ അക്കൗണ്ടന്റിനെ വിളിച്ചു ചോദിച്ചു. 'നിങ്ങള്‍ അയച്ചതില്‍ എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടോ', അദ്ദേഹം പറഞ്ഞു 'ഇല്ല, ഞാന്‍ ഒന്ന് ചെക്ക് ചെയ്തിട്ട് പറയാം' എന്ന്. അദ്ദേഹം നോക്കിയിട്ട് പറഞ്ഞു 'അയ്യോ ശരിയാ അഞ്ചു ലക്ഷം രൂപ കൂടുതല്‍ അയച്ചുപോയി'. ഞാന്‍ ശരിക്കും വിചാരിച്ചത് എന്റെ മകളുടെ കല്യാണത്തിന് രാജു ഗിഫ്റ്റ് തന്നതാണ് എന്നാണ്. പിന്നെ ആണ് അറിഞ്ഞത് അബദ്ധം ആണെന്ന്," ബൈജു ചിരിച്ചുകൊണ്ട് പറഞ്ഞു.