Sobhana: പറഞ്ഞത് ചെയ്തില്ലെങ്കിൽ പ്രൊമോഷന് വരില്ലെന്ന് പറഞ്ഞ് ശോഭന വാശി പിടിച്ചു, തരുൺ മൂർത്തി പറഞ്ഞത് കള്ളം: സത്യമിതാണെന്ന് ഭാഗ്യലക്ഷ്മി

നിഹാരിക കെ.എസ്

വ്യാഴം, 23 ഒക്‌ടോബര്‍ 2025 (11:45 IST)
വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും ശോഭനയും വീണ്ടും ഒന്നിച്ച സിനിമയായിരുന്നു തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമ ഈ വർഷത്തെ ഹിറ്റുകളിൽ ഒന്നാണ്. ചിത്രത്തിൽ തന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയതും ശോഭന തന്നെയായിരുന്നു. ഏറെ നാളുകൾക്ക് ശേഷം ശോഭന ഡബ്ബ് ചെയ്ത സിനിമയും കൂടിയായിരുന്നു ഇത്.
 
ടബ്ബിങ്ങുമായി ബന്ധപ്പെട്ട കാര്യത്തിൽ ചില വെളിപ്പെടുത്തലുകൾ നടത്തി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നേരത്തെ താൻ സിനിമ മുഴുവൻ ഡബ്ബ് ചെയ്തിരുന്നുവെന്നും പക്ഷെ ശോഭനയുടെ നിർബന്ധത്തെ തുടർന്ന് അത് മാറ്റുകയായിരുന്നു എന്നുമാണ് ഭാഗ്യലക്ഷ്മി ആരോപിക്കുന്നത്. തന്റെ ശബ്ദം മാറ്റിയില്ലെങ്കിൽ പ്രൊമോഷന് വരില്ലെന്ന് ശോഭന പറഞ്ഞുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു. 
 
ശോഭന തന്നെ ഡബ്ബ് ചെയ്യണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായി സംവിധായകൻ തരുൺ മൂർത്തി പറഞ്ഞത് നുണയാണ്. സിനിമയുടെ ക്ലൈമാക്‌സിലടക്കം തന്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ ആരോപണം.
 
'ഭാഗ്യലക്ഷ്മിയുടെ ശബ്ദം വേണ്ട എന്ന് ആരും പറഞ്ഞ് കേട്ടിട്ടില്ല. പക്ഷെ ഈയ്യടുത്ത് വിഷമിപ്പിക്കുന്നൊരു സംഭവമുണ്ടായി. ശോഭനയുടെ മിക്ക സിനിമകൾക്കും ഞാനാണ് ഡബ്ബ് ചെയ്തിട്ടുള്ളതെന്ന് എല്ലാവർക്കും അറിയാം. എല്ലാവരും പറയും ഏറ്റവും കൂടുതൽ ചേരുന്നത് എന്റെ ശബ്ദമാണെന്ന്. തുടരും സിനിമ സത്യത്തിൽ ഞാൻ ഡബ്ബ് ചെയ്തതാണ്. ഇതിപ്പോൾ ഞാൻ ആദ്യമായിട്ടാണ് പുറത്ത് പറയുന്നത്. 
 
പറയണം എന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്ന വിഷയമാണ്. തുടരുമിന് ഡബ്ബിങിന് വിളിച്ചപ്പോൾ തമിഴ് കഥാപാത്രം ആണെന്ന് പറഞ്ഞു. അവർ നന്നായി തമിഴ് പറയുമല്ലോ അതിനാൽ അവരെക്കൊണ്ട് തന്നെ ഡബ്ബ് ചെയ്യിപ്പിച്ചൂടേ എന്ന് ഞാൻ ചോദിച്ചു. ശോഭനയ്ക്ക് സ്വന്തമായി ഡബ്ബ് ചെയ്യാൻ ആഗ്രഹമുണ്ട്. പക്ഷെ നമ്മളെല്ലാവരും ഒറ്റക്കെട്ടായി തീരുമാനിച്ചു, സംവിധായകൻ തരുൺ മൂർത്തിയും തിരക്കഥാകൃത്ത് സുനിലുമെല്ലാം, ഭാഗ്യ ചേച്ചി മതി എന്ന്. എന്നായിരുന്നു മറുപടി. 
 
അങ്ങനെ ഞാൻ പോയി. കുറച്ച് കാലങ്ങളായി എനിക്ക് ഡബ്ബിങ്ങിലുള്ള ആത്മവിശ്വാസം നഷ്ടമായിട്ടുണ്ട്. എന്റെ ശബ്ദം ഓവർ എക്‌സ്‌പോസ്ഡ് ആയെന്ന് തോന്നുന്നുണ്ട്. അത് കഥാപാത്രത്തെ ബാധിക്കും. ഭാഗ്യലക്ഷ്മിയെയാകും അവർ കാണുക. അതെനിക്ക് ഇഷ്ടമല്ല. അവിടെപ്പോയി സിനിമ കണ്ടപ്പോഴും ഞാൻ ചോദിച്ചു ഇത് ശോഭന തന്നെ ചെയ്താൽ പോരെയെന്ന്. 
 
എന്നാൽ തരുൺ മൂർത്തിയും സുനിലും കൂടെ ചേച്ചി തന്നെ ചെയ്യണമെന്ന് പറഞ്ഞു. മുഴുവൻ സിനിമയും ഞാൻ ഡബ്ബ് ചെയ്തു. ക്ലൈമാക്‌സൊക്കെ അലറി നിലവിളിച്ച്, ഭയങ്കരമായി എഫേർട്ട് എടുത്താണ് ചെയ്തത്. പറഞ്ഞ പ്രതിഫലവും തന്നു. ഒരു മാസം കഴിഞ്ഞും സിനിമ റിലീസായില്ല. ഒരു ദിവസം ഞാൻ രഞ്ജിത്തിനെ അങ്ങോട്ട് വിളിച്ചു. 
 
'ചേച്ചി, എങ്ങനെ പറയണമെന്ന് അറിയില്ല. ചേച്ചിയുടെ ശബ്ദം മാറ്റി. ശോഭന തന്നെ ഡബ്ബ് ചെയ്തു'വെന്ന് പറഞ്ഞു. 'എന്നെ വിളിച്ച് പറയാനുള്ള മര്യാദ നിങ്ങൾക്കില്ലേ' എന്ന് ഞാൻ ചോദിച്ചു. ഞാൻ ഡബ്ബ് ചെയ്തില്ലെങ്കിൽ പ്രൊമോഷന് വരില്ലെന്ന് ശോഭന പറഞ്ഞുവെന്ന് അവർ എന്നോട് തുറന്നു പറഞ്ഞു. അഭിനയിച്ച വ്യക്തിയ്ക്ക് അവരുടെ ശബ്ദം നൽകാനുള്ള എല്ലാ അവകാശമുണ്ട്. ആര് ശബ്ദം നൽകണമെന്നത് സംവിധായകന്റെ തീരുമാനമാണ്. ആർട്ടിസ്റ്റിന് ആത്മവിശ്വാസമുണ്ടെങ്കിൽ അവർക്ക് ചെയ്യാനുള്ള അവകാശവുമുണ്ട്. അതിലൊന്നും എനിക്കൊരു എതിർപ്പുമില്ല.
 
പക്ഷെ, എന്നോട് ഒരു വാക്ക് പറയാമായിരുന്നു. ഇത്രയും സിനിമകൾ ചെയ്‌തൊരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിൽ ശോഭനയ്ക്ക് എന്നെ വിളിച്ച് ഒരു വാക്ക് പറയാമായിരുന്നു. അവർ പറഞ്ഞില്ല. നിർമാതാവും സംവിധായകനും പറഞ്ഞില്ല. ഇതേ സംവിധായകൻ പ്രൊമോഷൻ ഇന്റർവ്യുവിലിരുന്ന് പറയുന്നുണ്ടായിരുന്നു, ശോഭനയാണെന്ന് തീരുമാനിച്ചപ്പോൾ തന്നെ അവരുടെ ഓൺ വോയ്‌സ് ആയിരിക്കുമെന്നും തീരുമാനിച്ചിരുന്നുവെന്ന്. അത് നുണയാണ്. 
 
സിനിമ ആദ്യ ദിവസം തന്നെ ഞാൻ കണ്ടിരുന്നു. ക്ലൈമാക്‌സിൽ അവർ എന്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. കാരണം ശോഭനയ്ക്ക് അത്ര അലറി നിലവിളിച്ച് ചെയ്യാനാകില്ല, അവർക്ക് അത്രയും എക്‌സ്പീരിയൻസില്ല. ഡയലോഗ് ഒക്കെ അവർ പറഞ്ഞിട്ടുണ്ടാകും, പക്ഷെ അലറലും നിലവിളിയും എന്റേതാണ്. അവർ എന്നോട് എത്തിക്‌സ് കാണിച്ചില്ലെന്ന എന്ന സങ്കടം എനിക്കുണ്ട്', ഭാഗ്യലക്ഷ്മി ആരോപിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍