ബിഗ് ബോസ് സീസൺ 2 വിലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു നടിയും അവതാരകയുമായ ആര്യ. കൊവിഡ് 19 പടരുന്നതിന്റെ പശ്ചാത്തലത്തിൽ നിർമാതാക്കൾ ഷോ അവസാനിപ്പിച്ചിരുന്നു. ഹൗസിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളുടെ ഫാൻസ് എന്ന് സ്വയം പറഞ്ഞ കുറെ വെട്ടുകിളി കൂട്ടങ്ങൾ ഷോയിൽ നിന്നും പുറത്തായ മഞ്ജു, വീണ, ജസ്ല, രേഷ്മ എന്നിവരെയെല്ലാം തെറിപറഞ്ഞും അസഭ്യവർഷങ്ങൾ ചൊരിഞ്ഞുമായിരുന്നു ചിത്രീകരിച്ചിരുന്നത്.
അക്കൂട്ടത്തിൽ ആര്യയുമുണ്ട്. ഏറെ ട്രോളുകൾക്കും സൈബർ അറ്റാക്കിനും വിധേയമായിരിക്കുകയാണ് ആര്യ. ഇനിയും ഈ മനോരോഗം സഹിക്കാൻ കഴിയില്ലെന്നും കൊറോണയെ തുടർന്ന് നാട് പ്രതിരോധത്തിൽ ആയതിനാലാണ് ഇപ്പോൾ ഒന്നിനും ഇല്ലാത്തതെന്നും ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറി കുറിപ്പിലാണ് ആര്യ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 'ബിഗ് ബോസ് പോലൊരു ഷോയിൽ ആളുകൾക്ക് തീർച്ചയായും അവരുടെ പ്രീയപ്പെട്ട മത്സരാർത്ഥികൾ ഉണ്ടാവുമെന്ന് എനിക്ക് അറിയാം. അതിൽ സംശയമില്ല. ഒരു പ്രേക്ഷക ആയിരുന്നപ്പോഴൊക്കെ എനിക്കും എന്റെ ഫേവറേറ്റ് ഉണ്ടായിരുന്നു. ഞാനും ഒരു മത്സരാർത്ഥി ആയിരുന്ന ഈ സീസണിൽ പോലും ഹൗസിൽ എനിക്ക് പ്രിയപ്പെട്ടവർ ഉണ്ടായിരുന്നു. വളരെ സാധാരണമായ ഒരു കാര്യമാണത്.'
'ഓരോ വ്യക്തികളും വ്യത്യസ്തരാണ്. ഓരോരുത്തരും ചിന്തിക്കുന്നതും കാര്യങ്ങളെ നോക്കി കാണുന്നതും അവയോടുള്ള കാഴ്ചപാടുകളും വ്യത്യസ്തമായിരിക്കും. ഒരു മത്സരാർത്ഥി എന്ന നിലയിൽ ആരോഗ്യപരമായ വിമർശനങ്ങളെ സ്വീകരിക്കുക എന്നത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും എന്റെ ഉത്തരവാദിത്വം ആണ്. പക്ഷേ അതിന്റെ അർഥം നിങ്ങൾക്ക് എന്നെ അധിക്ഷേപിക്കാം എന്നല്ല. സമൂഹ മാധ്യമം എന്നത് വളരെ ശക്തവും ഉപകാരപ്രദവുമായ ഒരു വേദിയാണ്. പക്ഷേ, അത് നല്ല രീതിയിൽ ഉപയോഗിക്കണം. ഒരു പബ്ലിക്പ്രൊഫൈൽ ഉള്ളത് കൊണ്ട് നിങ്ങൾക്ക് ആരേയും എത്ര വേണമെങ്കിലും അധിക്ഷേപിക്കാമെന്ന് കരുതരുത്. എല്ലാത്തിനും ഒരുപരിധിയുണ്ട്. ഞങ്ങളിൽ മിക്കവരും പ്രത്യേകിച്ച് സ്ത്രീകൾ ഈ അവസ്ഥ നേരിടുന്നുണ്ട്.'
'അർഹിക്കുന്ന പ്രാധാന്യത്തോടെ ഇത് അധികാരികൾക്ക് മുന്നിൽ എത്തിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. ഉത്തരം കമന്റുകളെ അവഗണിക്കാൻ എന്നോട് ഇത്രയും കാലം പറഞ്ഞിരുന്നവരോട്... ക്ഷമിക്കണം, ഒരുപാട് കാലമായി ഞാനിത് ക്ഷമിക്കുന്നു. അമ്മയും എന്റെ ചെറിയ മകളും അടുത്ത സുഹൃത്തുക്കളും മരിച്ച് പോയ അച്ഛനുമൊക്കെ അധിക്ഷേപങ്ങൾ നേരിടുന്നുണ്ട്. ഇത്തരമൊരു മനോരോഗം ഇനിയും സഹിക്കാൻ ഞാൻ ഇനിയും തയ്യാറല്ല. മറ്റൊരു സുപ്രധാന (കൊറോണ) ആയതിനാലാണ്. ഞങ്ങളിൽ മിക്കവരും ഇതേ കുറിച്ച് നിശബ്ദത തുടരുമെന്ന് കരുതരുത്. നന്ദി...' - ആര്യ കുറിച്ചു.
ആര്യയുടെ തീരുമാനത്തെ സോഷ്യൽ മീഡിയ പിന്തുണയ്ക്കുന്നുണ്ട്. ഇത്തരത്തിൽ അധിക്ഷേപം നടത്തുന്നവരെ നിയമപരമായി നേരിടണമെന്നും ഇക്കൂട്ടർ വെറുതേ വിടരുതെന്നും സോഷ്യൽ മീഡിയ പറയുന്നു.