ഹൈന്ദവ സംഘടനകളുടെ ശക്തമായ പ്രതിഷേധം, നയന്‍താര ചിത്രം അന്നപൂരണി നെറ്റ്ഫ്‌ളിക്‌സില്‍ നിന്നും നീക്കി

അഭിറാം മനോഹർ
വ്യാഴം, 11 ജനുവരി 2024 (16:58 IST)
നയന്‍താര ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് സിനിമ അന്നപൂരണി നെറ്റ്ഫ്‌ളിക്‌സില്‍ നിന്നും നീക്കി. ചിത്രം പിന്‍വലിച്ചതായി സിനിമയുടെ നിര്‍മാതാക്കളിലൊരാളായ സീ സ്റ്റുഡിയോ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സിനിമക്കെതിരെ ഹൈന്ദവ സംഘടകള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി. സിനിമ മതവികാരം വൃണപ്പെടുത്തിയതില്‍ മാപ്പ് ചോദിക്കുന്നുവെന്നും വിവാദരംഗങ്ങള്‍ സിനിമയില്‍ നിന്നും നീക്കുമെന്നും സീ സ്റ്റുഡിയോ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
 
ഒരു ക്ഷേത്ര പൂജാരിയുടെ മകളാര അന്നപൂരണി രംഗരാജനായാണ് ചിത്രത്തില്‍ നയന്‍താര അവതരിപ്പിച്ചിട്ടുള്ളത്. ഒരു പാചകവിദഗ്ധയാകാന്‍ ആഗ്രഹിക്കുന്ന അന്നപൂരണിയ്ക്ക് മാംസവിഭവങ്ങള്‍ പാകം ചെയ്യാന്‍ പല പ്രതിസന്ധികളും നേരിടേണ്ടതായി വരുന്നു. ചിത്രത്തില്‍ ജയ് അവതരിപ്പിക്കുന്ന ഫര്‍ഹാന്‍ എന്ന കഥാപാത്രം ശ്രീരാമന്‍ മാംസഭുക്ക് ആയിരുന്നുവെന്ന് നയന്‍താരയുടെ കഥാപാത്രത്തോട് പറയുന്നുണ്ട്. സിനിമയില്‍ ഹിന്ദുകഥാപാത്രമായ നയന്‍താര ബിരിയാണി പാകം ചെയ്യുന്നതിനൊപ്പം നിസ്‌കരിക്കുകയും ചെയ്യുന്നുണ്ട്. ഇതോടെ സിനിമ ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ഹിന്ദു ഐടി സെല്‍ മുംബൈ പോലീസില്‍ പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളിലും വിമര്‍ശനം ശക്തമായതോടെയാണ് സിനിമയുടെ നിര്‍മാതാക്കള്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ നിന്നും പിന്‍വലിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article