വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതി ഉപാധികളോടെ സെന്‍സര്‍ അനുമതി. ചിത്രം കാണാന്‍ നിയോഗിച്ച ആറംഗ സെന്‍സര്‍ ബോര്‍ഡ് സമിതിയാണ് അനുമതി നല്‍കിയത്. രാജകുടുംബാംഗങ്ങളും ഉള്‍പ്പെട്ട സമിതിയാണ് ചിത്രം സെന്‍സര്‍ ചെയ്തത്.
എന്നാല്‍ ചിത്രത്തിൽ 26 മാറ്റങ്ങൾ വരുത്തണം എന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. ഇവ അംഗീകരിച്ചാൽ സിനിമയ്ക്ക് യുഎ സർട്ടിഫിക്കറ്റ് നൽകുമെന്നും സമിതി വ്യക്തമാക്കുന്നു. അതേസമയം സിനിമയുടെ പേര് പദ്മാവത് എന്നാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രശസ്ത സംവിധായകന് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമയാണ് പത്മാവതി. താര സുന്ദരിയായ ദീപിക പതുക്കോണ്‍ നായികയായി എത്തുന്ന സിനിമ തുടക്കം മുതല്ക്കുതന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു
രാജസ്ഥാനിലെ ചിറ്റോര്‍ കോട്ടയില്‍ അലാവുദ്ദീന്‍ ഖില്‍ജി നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കഥയാണ് സിനിമയുടെ പശ്ചാത്തലം. ചക്രവര്‍ത്തിയായ അലാവുദ്ദീന്‍ ഖില്‍ജിക്ക് കീഴടങ്ങാല്‍ തയ്യാറാകാതിരുന്ന റാണി പത്മിനിയാണ് ‘പത്മാവതി’ എന്ന ചിത്രത്തിന്റെ പ്രമേയം.
എന്നാല്‍ റാണിയും ഖില്‍ജിയും തമ്മിലുള്ള പ്രണയമാണ് ബന്‍സാലിയുടെ സിനിമ കൈകാര്യം ചെയ്യുന്നതെന്നും അത് ചരിത്രത്തെ വളച്ചോടിക്കലാണെന്നും കാണിച്ച് കര്‍ണി സേന പോലുള്ള സംഘനകള്‍ രംഗത്തെത്തി. ചിത്രത്തിന്റെ സംവിധായകനും നായികയ്ക്കും നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രതിഷേധം ശക്തമായതോടെയാണ് സിനിമയുടെ റിലീസ് നീട്ടിവച്ചത്.