ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചിട്ടുണ്ട്,കനേഡിയൻ പൗരത്വ വിവാദത്തിൽ അക്ഷയ്കുമാർ

അഭിറാം മനോഹർ

ശനി, 7 ഡിസം‌ബര്‍ 2019 (17:12 IST)
ദേശസ്നേഹ ഹിന്ദി സിനിമകളുടെ സ്ഥിരം മുഖമാണ് ബോളിവുഡ് താരമായ അക്ഷയ് കുമാറിന്റെത്. എന്നാൽ ദേശസ്നേഹ സിനിമകളിൽ സ്ഥിരമായി അഭിനയിക്കുന്ന താരം എന്ത് കൊണ്ട് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ലെന്നതായിരുന്നു താരം നേരിട്ട പ്രധാന വിവാദം. അക്ഷയ് കുമാറിന്റേത് കനേഡിയൻ പൗരത്വമാണെന്നും അതുകൊണ്ടാണ് വോട്ട് ചെയ്യാതിരുന്നെന്നും വിമർശകർ ചൂണ്ടികാണിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ വിവാദങ്ങൾക്ക് പരിഹാരവുമായി വന്നിരിക്കുകയാണ് താരം.
 
താനിപ്പോൾ ഇന്ത്യൻ പാസ്സ്പോർട്ടിനായി അപേക്ഷിച്ചിരിക്കുകയാണെന്നാണ് താരം പറയുന്നത്. പതിനാല് സിനിമകൾ ഒരുമിച്ച് പരാജയപ്പെട്ട സമയത്താണ് താൻ കാനഡയിലേക്ക് പോയത്. ഉറ്റ സുഹ്രുത്തിന്റെ നിർദേശപ്രകാരമായിരുന്നു ഇത്. തുടർന്ന് കാനഡയിൽ ജോലി ചെയ്യാമെന്നാണ് കരുതിയിരുന്നത്. സിനിമയിൽ തന്റെ കരിയർ അവസാനിച്ചെന്ന് തോന്നിയപ്പോളാണ് കനേഡിയൻ പാസ്സ്പോർട്ട് എടുത്ത് അങ്ങോട്ട് പോയത്. ഇവിടെ ജോലികൾ ഒന്നും ലഭിക്കില്ല എന്നത് ഉറപ്പായിരുന്നു. ഇനിയൊരിക്കലും തിരിച്ചുവരികയില്ലെന്നാണ് കരുതിയത് അതിനാൽ തന്നെ പാസ്പോർട്ട് മാറ്റണമെന്ന് ചിന്തിചിരുന്നുമില്ല താരം പറയുന്നു.
 
കനേഡിയൻ പൗരത്വത്തെ പറ്റി നിരന്തരം വിമർശനങ്ങൾ ഉയർന്നതോടെയാണ് ഇന്ത്യൻ പാസ്പോർട്ടിനായി അപേക്ഷിച്ച കാര്യം അക്ഷയ് പുറത്തുവിട്ടത്. ഞാനൊരു ഇന്ത്യക്കാരനാണ് എന്നത് തെളിയിക്കുവാൻ പാസ്പോർട്ട് കാണിച്ചുതരണാമെന്നാണ് ആളുകൾ പറയുന്നത്. അതിൽ എനിക്ക് സങ്കടമുണ്ട്. അത് തന്നെ വല്ലാതെ വിഷമിപ്പിക്കുകയും ചെയ്യുന്നു. ആർക്കും വിമർശനത്തിനുള്ള അവസരങ്ങൾ നൽകുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല അതിനാലാണ് പാസ്പോർട്ടിന് അപേക്ഷിച്ചതെന്നും താരം പറയുന്നു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍