'സ്ത്രീയെ നന്നാക്കുക എന്ന പേരില്‍ ഗീതുവിനോട് ചെയ്യുന്നത് ശാരീരികവും മാനസികവുമായ പീഡനം'; സ്വന്തം സിനിമയോടുള്ള വിയോജിപ്പ് പരസ്യമാക്കിയ അഭിരാമി

Webdunia
തിങ്കള്‍, 26 ജൂലൈ 2021 (15:18 IST)
തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് അഭിരാമി. രാജസേനന്‍ ചിത്രം ഞങ്ങള്‍ സന്തുഷ്ടരാണ് തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായപ്പോള്‍ ആ സിനിമയിലെ നായികയായ അഭിരാമിയെയും മലയാളികള്‍ ഏറ്റെടുത്തു. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് ഇപ്പുറം താന്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് സിനിമയിലെ പല കാര്യങ്ങളോടും തനിക്ക് വിയോജിപ്പുണ്ടെന്ന് അഭിരാമി തുറന്നുപറഞ്ഞിരുന്നു. ഗീതു എന്ന തന്റെ കഥാപാത്രത്തെ സിനിമയില്‍ ട്രീറ്റ് ചെയ്തിരിക്കുന്ന രീതികളോടാണ് അഭിരാമി വിയോജിച്ചത്. നേരത്തെ വെബ് ദുനിയ മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ അഭിരാമി ഇതേകുറിച്ച് സംസാരിച്ചിരുന്നു. 
 
'ഗീതു പെര്‍ഫക്ട് ആണെന്ന് ഞാന്‍ പറയില്ല. ഗീതുവിന്റെ ക്യാരക്ടറിലും പ്രശ്‌നങ്ങള്‍ ഉണ്ട്. സ്ത്രീയെ നന്നാക്കുക എന്ന പേരില്‍ ഗീതുവിനോട് ചെയ്യുന്ന ശാരീരികവും മാനസികവുമായ പീഡനമുണ്ട്. അതാണ് സിനിമയിലെ പ്രശ്‌നം. അതിനെ തമാശ രീതിയിലാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. അത് തെറ്റാണെന്നാണ് ഞാന്‍ പറയുന്നത്. സിനിമയിലെ നായകന്‍ പൂര്‍ണമായും തെറ്റ്, നായിക മാത്രം ശരി എന്നൊന്നും ഞാന്‍ പറയുന്നില്ല. സിനിമയില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്ന കാര്യം തെറ്റാണ്. നായകനും നായികയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വേറെ രീതിയില്‍ പരിഹരിക്കാമല്ലോ?,'  അഭിരാമി ചോദിച്ചു.  
 
'ഞങ്ങള്‍ സന്തുഷ്ടരാണ് സിനിമയിലെ ഗീതു എന്ന കഥാപാത്രത്തിനു നോ പറയുമെന്നല്ല ഇതിനര്‍ത്ഥം. ആ കഥാപാത്രം ചെയ്യാന്‍ എനിക്ക് പ്രശ്‌നം ഒന്നുമില്ല. ഗീതുവിനെ തിരുത്താന്‍ ഉപയോഗിക്കുന്ന മാര്‍ഗങ്ങളോടാണ് എതിര്‍പ്പ്. ഗീതുവിനെ വീണ്ടും അവതരിപ്പിച്ചു എന്നുതന്നെ വിചാരിക്കുക, അവളെ കാര്യങ്ങള്‍ ഇരുത്തി മനസിലാക്കി നോക്കൂ. ഇത് ഇങ്ങനെയല്ല, അങ്ങനെയാണ് വേണ്ടത് എന്നൊക്കെ പറഞ്ഞുമനസിലാക്കി കൊടുക്കുക. അവളുടെ ഭാഗം കേള്‍ക്കാന്‍ ഭര്‍ത്താവിന് സമയമുണ്ടെങ്കില്‍ ആ കഥാപാത്രം ചെയ്യുന്നതില്‍ കുഴപ്പമൊന്നുമില്ല. ഗീതുവിന് ചുറ്റുമുള്ള കഥാപാത്രങ്ങളില്‍ പ്രശ്‌നമുണ്ട്. ഗീതുവിന്റെ മാതാപിതാക്കളില്‍ വരെ. ഗീതു തെറ്റുകാരിയല്ല എന്നും പറയുന്നില്ല,' അഭിരാമി കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article