യാഷിന്റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം

കെ ആര്‍ അനൂപ്
തിങ്കള്‍, 8 ജനുവരി 2024 (15:19 IST)
Rocking Star Yash
കന്നഡ സിനിമയിലെ റോക്കിങ് സ്റ്റാര്‍ എന്നാണ് യാഷ് അറിയപ്പെടുന്നത്. നടന്റെ 38-ാമത്തെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ സങ്കടകരമായ ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. നടന്റെ ജന്മദിനത്തിന്റെ ഭാഗമായി ബാനര്‍ കെട്ടാന്‍ കയറിയ മൂന്നു യുവാക്കള്‍ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം.കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ സുരനാഗി ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്. ഞായറാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. രണ്ടുപേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.ലക്ഷ്‌മേശ്വര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍.
 
സുരനാഗി ഗ്രാമത്തില്‍ ജീവിക്കുന്ന ഹനുമന്ത് ഹരിജന്‍ (21), മുരളി നടുവിനാമണി (20), നവീന്‍ (19) എന്നിവരാണ് മരിച്ചത്. മൂവരുടെയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഷോക്കേറ്റ അഞ്ചു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല.
 
ഷിരഹട്ടി എം.എല്‍.എ ഡോ.ചന്ദ്രു ലമാനി ആശുപത്രിയിലെത്തി കാര്യവിവരങ്ങള്‍ അന്വേഷിച്ചു. മൂന്നുപേരുടെ മരണത്തിനിടയായ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തന്റെ ഇത്തവണത്തെ ജന്മദിനം ആഘോഷിക്കുന്നില്ലെന്ന് യാഷ് അറിയിച്ചു.
 
ടോക്‌സിക് എന്ന സിനിമയാണ് ഇനി വരാനിരിക്കുന്നത്. 2025 ഏപ്രിലില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ഗീതു മോഹന്‍ദാസ് ആണ് സംവിധാനം ചെയ്യുന്നത്. 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article