7 കഥാപാത്രങ്ങള്‍, 7 ക്ലൈമാക്സ്, ഇത് അതിതീവ്രം!

Webdunia
വ്യാഴം, 25 ഏപ്രില്‍ 2013 (20:28 IST)
PRO
ഒരു സംഭവം പല കഥാപാത്രങ്ങളുടെ കാഴ്ചപ്പാടില്‍ പറയുന്നത് ലോകസിനിമയില്‍ പലപ്പോഴായി പരീക്ഷിച്ചിട്ടുണ്ട്. റാഷമോണ്‍ എന്ന ക്ലാസിക് ഏറ്റവും വലിയ ഉദാഹരണം. മണിരത്നം ‘ആയുധ എഴുത്ത്’ എന്ന സിനിമയിലൂടെ അത് പരീക്ഷിച്ചു. ലാല്‍ ജോസ് അത് ക്ലാസ്മേറ്റ്സിലൂടെ മലയാളികള്‍ക്ക് മുമ്പില്‍ എത്തിച്ചു. ടി വി ചന്ദ്രന്‍റെ കഥാവശേഷനും അതിന്‍റെ മികച്ച ഉദാഹരണം തന്നെ.

എന്നാല്‍ ഒരു സിനിമയ്ക്ക് പല ക്ലൈമാക്സ് എന്നതോ? അത് മലയാളത്തില്‍ വിജയകരമായി പരീക്ഷിച്ച ചിത്രമാണ് ഹരികൃഷ്ണന്‍സ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും വെവ്വേറെ ക്ലൈമാക്സ് ഒരുക്കി ഫാസിലാണ് അങ്ങനെയൊരു ധൈര്യം കാണിച്ചത്. എന്നാല്‍ സംഭവം വലിയ വിവാദമാകുകയും വര്‍ഗീയമായാണ് ക്ലൈമാക്സുകള്‍ പരീക്ഷിച്ചതെന്ന് ആരോപണമുയരുകയും ചെയ്തു.

അതൊക്കെ അന്നത്തെ കാലം. ഇത് ന്യൂ ജനറേഷന്‍ പരീക്ഷണങ്ങളുടെ സമയമാണ്. ഇപ്പോള്‍ രണ്ട് ക്ലൈമാക്സുകള്‍ ഇറക്കുന്നതില്‍ പുതുമയില്ല. ‘തീവ്രം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രൂപേഷ് പീതാംബരന്‍ തന്‍റെ പുതിയ സിനിമയില്‍ ഏഴ് ക്ലൈമാക്സാണ് ഒരുക്കുന്നത്.

“ഏഴ് കഥാപാത്രങ്ങളെ കേന്ദ്രമാക്കിയാണ് സിനിമ നീങ്ങുന്നത്. ഓരോ കഥാപാത്രത്തിനും ഓരോ ക്ലൈമാക്സ് എന്ന വിധത്തില്‍ ഏഴ് ക്ലൈമാക്സാണ് ഈ സിനിമയില്‍ ഉണ്ടാവുക. രണ്ടാം പകുതി ഓരോ കഥാപാത്രത്തിന്‍റെയും വേര്‍ഷനിലുള്ള ക്ലൈമാക്സിലൂടെ കടന്നുപോകുന്നു” - രൂപേഷ് വ്യക്തമാക്കി.

ആദ്യചിത്രമായ തീവ്രത്തില്‍ റിവേഴ്സ് ക്ലൈമാക്സ് പരീക്ഷിച്ച രൂപേഷ് ഈ സിനിമയിലൂടെ വീണ്ടും വിസ്മയിപ്പിക്കാനൊരുങ്ങുകയാണ്. തിരക്കഥ രൂപേഷ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സിനിമയിലെ താരങ്ങളെ തീരുമാനിച്ചിട്ടില്ല. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്. ദുല്‍ക്കര്‍ സല്‍മാന്‍ ഈ ചിത്രത്തിന്‍റെയും ഭാഗമാണോ എന്ന് അറിയാറായിട്ടില്ല.