സ്വര്‍ണം കടത്താന്‍ മോഹന്‍ലാലും!

Webdunia
തിങ്കള്‍, 30 ഡിസം‌ബര്‍ 2013 (20:54 IST)
PRO
ഇരുപതാം നൂറ്റാണ്ട് ഓര്‍മ്മയുണ്ടോ? അതില്‍ കണ്ടതാണ് മോഹന്‍ലാല്‍ പൊലീസിനെയും കസ്റ്റംസിനെയും വെട്ടിച്ച് അതിവിദഗ്ധമായി സ്വര്‍ണം കള്ളക്കടത്ത് നടത്തുന്നത്. സ്വര്‍ണം കടത്താന്‍ സാഗര്‍ എലിയാസ് ജാക്കിയോളം പോന്നൊരു നായകന്‍(വില്ലന്‍?) പിന്നീടുണ്ടായിട്ടില്ല. എന്നാല്‍ ജാക്കിയെ വെല്ലുന്നൊരു കഥാപാത്രത്തിനായി മോഹന്‍ലാല്‍ തന്നെ തയ്യാറെടുക്കുകയാണ്.

രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ജി ഫോര്‍ ഗോള്‍ഡ്’ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ സ്വര്‍ണക്കടത്തുകാരനായി അഭിനയിക്കുന്നത്. പുറം രാജ്യങ്ങളില്‍ നിന്ന് വിമാനം വഴിയും കടല്‍ വഴിയും സ്വര്‍ണമെത്തിക്കുന്ന ബ്രില്യന്‍റായ കള്ളക്കടത്തുകാരനായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നത് എന്നാണ് സൂചന.

പതിവില്‍ നിന്ന് വിപരീതമായി, ഈ സിനിമ രഞ്ജിത് കൂടുതല്‍ കൊമേഴ്സ്യലൈസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവണപ്രഭുവിനേക്കാള്‍ തകര്‍പ്പന്‍ ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നറിനാണ് രഞ്ജിത് ഒരുങ്ങുന്നതെന്നാണ് അറിയുന്നത്. കടല്‍ കടന്നൊരു മാത്തുക്കുട്ടിയുടെ കനത്ത പരാജയത്തില്‍ നിന്ന് കരകയറാന്‍ ഒരു തട്ടുപൊളിപ്പന്‍ ആക്ഷന്‍ ത്രില്ലര്‍ ഒരുക്കി വിജയിക്കുന്ന കളിക്ക് തയ്യാറെടുക്കുകയാണത്രേ രഞ്ജിത്.

ആറാം തമ്പുരാന്‍, നരസിംഹം, രാവണപ്രഭു സ്റ്റൈലില്‍ ഒരു സിനിമയാണ് തനിക്ക് വേണ്ടതെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ടതും രഞ്ജിത്തിനെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്രേ!