മമ്മൂട്ടിച്ചിത്രം ‘സൂപ്പര്‍’

Webdunia
ചൊവ്വ, 31 മാര്‍ച്ച് 2009 (19:52 IST)
PROPRO
മമ്മൂട്ടിയുടെ പുതിയ മലയാള ചിത്രമാണ് ‘സൂപ്പര്‍’. എന്നാല്‍ ഇങ്ങനെയൊരു സിനിമയെക്കുറിച്ച് ഇതിന് മുമ്പ് വാര്‍ത്തകളൊന്നും പ്രചരിക്കാത്തതുകൊണ്ട് ഇതേതു സിനിമയെന്നോര്‍ത്ത് തലപുകയ്ക്കേണ്ട. ഒരു പഴയ തമിഴ് ചിത്രമാണ്. പുതിയ പേരില്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നു.

ജൂനിയര്‍ സീനിയര്‍ എന്ന തമിഴ് ചിത്രമാണ് സൂപ്പര്‍ എന്ന പേരില്‍ കേരളക്കരയില്‍ ഭാഗ്യം പരീക്ഷിക്കാനെത്തുന്നത്. 2002ല്‍ ഇറങ്ങിയ ഈ സിനിമയില്‍ മമ്മൂട്ടിക്കൊപ്പം ഹംസവര്‍ദ്ധന്‍ പ്രധാനവേഷത്തിലഭിനയിച്ചു. ലീനാ സിധുവായിരുന്നു നായിക. രമേഷ് കണ്ണയും ചാര്‍ളിയും അവതരിപ്പിക്കുന്ന കോമഡിരംഗങ്ങളായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്.

ജെ സുരേഷ് സംവിധാനം ചെയ്ത ജൂനിയര്‍ സീനിയറിന്‍റെ സംഗീത സംവിധായകന്‍ യുവന്‍‌ ശങ്കര്‍ രാജയാണ്. ഐങ്കരന്‍ ഇന്‍റര്‍നാഷണല്‍ നിര്‍മ്മിച്ച ഈ സിനിമ തമിഴ്നാട്ടില്‍ കനത്ത പരാജയമാണ് നേരിട്ടത്. എന്നാല്‍ ഈ സിനിമ മലയാളത്തില്‍ മൊഴിമാറ്റി വിജയം കൊയ്യാമെന്ന പ്രതീക്ഷയിലാണ് വിതരണക്കാര്‍.

അടുത്തിടെ രജനീകാന്തിന്‍റെ ഒരു ഹിന്ദിചിത്രം മൊഴിമാറ്റി ‘അരസന്‍’ എന്ന പേരില്‍ തമിഴിലെത്തിയെങ്കിലും പരാജയമായിരുന്നു ഫലം. മോഹന്‍‌ലാല്‍ കന്നഡയില്‍ അഭിനയിച്ച കന്നഡച്ചിത്രം ഏയ് ടാക്സി ഡബ്ബു ചെയ്ത് കേരളത്തിലെത്തിയെങ്കിലും വിജയം കാണാനായില്ല. ഒരു ഭാഷയിലെ സൂപ്പര്‍താരം അന്യഭാഷയില്‍ അഭിനയിച്ച ചിത്രം അതേ ഭാഷയില്‍ കാണാനാണ് ജനങ്ങള്‍ക്ക് താല്‍‌പര്യമെന്നാണ് ഇതില്‍ നിന്ന് മനസിലാക്കാനാകുന്നത്. എങ്കിലും മമ്മൂട്ടിക്ക് വിഷുവിന് ചിത്രമില്ലാത്തതിനാല്‍ ‘സൂപ്പര്‍’ എന്ന സിനിമ സൂപ്പര്‍ കളക്ഷന്‍ നേടുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിശ്വാസം.