പി ഭാസ്കരന്‍ പുരസ്കാരം മധുവിന്

Webdunia
ശനി, 21 ഫെബ്രുവരി 2009 (11:38 IST)
PROPRO
മലയാള സിനിമാത്തറവാട്ടിലെ കാരണവര്‍ മധുവിന് സമഗ്ര സംഭാവനയ്ക്കുള്ള പി ഭാസ്കരന്‍ പുരസ്കാരം. പി ഭാസ്കരന്‍ ഫൌണ്ടേഷനാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. തിരക്കഥ എന്ന ചിത്രത്തിലൂടെ രഞ്ജിത് മികച്ച സംവിധായകനുള്ള പുരസ്കാരം നേടി.

1933 ല്‍ ജനിച്ച മാധവന്‍‌നായര്‍ എന്ന മധു ചലച്ചിത്രമേഖലയിലെ ബഹുമുഖ പ്രതിഭയാണ്. അഭിനേതാവ്, സംവിധായകന്‍, നിര്‍മ്മാതാവ്, സ്റ്റുഡിയോ ഉടമ എന്നീ നിലകളില്‍ അദ്ദേഹം പ്രശസ്തനാണ്. എന്‍ എന്‍ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പാടുകള്‍ ആണ് മധുവിന്‍റെ ആദ്യ ചിത്രം‌. മധു അവതരിപ്പിച്ച ചെമ്മീനിലെ പരീക്കുട്ടി എന്ന കഥാപാത്രം യുവതലമുറയ്ക്കു പോലും സുപരിചിതമാണ്.

അടൂര്‍ ഗോപാലകൃഷ്ണന്‍റെ സ്വയംവരം എന്ന സിനിമയിലെ പ്രകടനവും മധുവിന് ഏറെ പ്രശംസ നേടിക്കൊടുത്തവയാണ്. സ്വയംവരം, ഭാര്‍ഗവീനിലയം, അധ്യാപിക, മുറപ്പെണ്ണ്, ഓളവും തീരവും, അശ്വമേധം, തുലാഭാരം, ആഭിജാത്യം, ഉമ്മാച്ചു, തീക്കനല്‍ തുടങ്ങി താരസംഘടനയായ അമ്മ നിര്‍മ്മിച്ച ട്വന്‍റി 20 വരെ മധുവിന്‍റെ അഭിനയമികവിന് തെളിവാണ്.

‘പ്രിയ’ എന്ന ചിത്രത്തിലൂടെ 1970ലാണ് മധു സംവിധായകനായി മാറിയത്. 14 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. സംരംഭം, മാന്യശ്രീ വിശ്വാമിത്രന്‍, മിനി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്. ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

ശ്രീകുമാരന്‍ തമ്പി ചെയര്‍മാനും ജോണ്‍പോള്‍, അമ്പിളി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ്‌ പി ഭാസ്കരന്‍ സ്മാരക പുരസ്കാരങ്ങള്‍ നിശ്ചയിച്ചത്‌. ഈ മാസം 25ന്‌ കൊടുങ്ങല്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന്‌ ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു.