ജനപ്രീതി വീണ്ടെടുക്കാന്‍ രജനി

Webdunia
PTIPTI
തമിഴ്‌നാട്ടില്‍ തന്‍റെ ജനപ്രീതി ഇടിഞ്ഞതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ‘യന്തിര’ത്തിന്‍റെ വിദേശ ഷൂട്ടിങ്ങ്‌ തിരക്കുകള്‍ മാറ്റിവച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്‌ ചെന്നൈയില്‍ തിരിച്ചെത്തി.

ഫാന്‍ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ താരം തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു എന്നാണ്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

രാജ്യത്തൊട്ടാകെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ രജനി ഫാന്‍സ്‌‌ അസോസിയേഷന്‍ പ്രസിഡന്‍റ് സത്യനാരായണ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

രജനിയുടെ രാഷ്ട്രീയ പ്രവേശന തീരുമാനം നിര്‍ണായകമായി വരുന്ന സാഹചര്യത്തിലാണ്‌ തമിഴ്‌നാട്ടില്‍ സൂപ്പര്‍താരത്തിന്‍റെ ജനപ്രീതി ഇടിഞ്ഞതായി വാര്‍ത്ത പരന്നത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ വിദൂരമല്ലാത്ത സാഹചര്യത്തില്‍ രജനിയുടെ രാഷ്ട്രീയ നിലപാടിന്‌ തമിഴ്‌നാട്ടില്‍ ഏറെ പ്രധാന്യമുണ്ട്‌.

ഡി എം കെ 1996ല്‍ അധികാരത്തില്‍ വന്നത്‌ രജനിയുടെ ശക്തമായ പിന്തുണയോടെയായിരുന്നു. തമിഴ്‌ മനിലാ കോണ്‍ഗ്രസ്‌ (ടി എം സി) യുടെ സൈക്കിള്‍ ചിഹ്നത്തിന്‌ ജനപ്രീതി ലഭിക്കുന്നത്‌ രജനിയുടെ ‘അണ്ണാമലൈ’ എന്ന സിനിമയിലൂടെയാണ്‌.

രജനി സൈക്കിളില്‍ വരുന്ന ചിത്രങ്ങള്‍ പാര്‍ട്ടി പ്രചരണത്തിന്‌ ഉപയോഗിക്കാന്‍ താരം മൗനാനുവാദം നല്‌കിയിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ഏത്‌ പക്ഷത്തോടായിരിക്കും രജനിയുടെ കൂറ്‌ എന്നത്‌ നിര്‍ണായകമാണ്‌.

ലയോള കോളെജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സര്‍വ്വേയിലാണ്‌ രജനിയെ പിന്തള്ളി ജനപ്രീതിയില്‍ വിജയ്‌ മുന്നിലെത്തിയത്‌.