ജഗ്ഗുഭായ് കഥ ലീക്കാക്കിയ രജനീകാന്ത്!

Webdunia
ചൊവ്വ, 12 ജനുവരി 2010 (12:59 IST)
PRO
PRO
തമിഴ് സൂപ്പര്‍‌സ്റ്റാര്‍ രജനീകാന്തിനിത് നല്ല കാലമല്ലെന്ന് തോന്നുന്നു. അനാശാസ്യത്തിന് പിടിയിലായ നടി ഭുവനേശ്വരി നല്‍‌കിയ നക്ഷത്രവേശ്യാ പട്ടിക പ്രസിദ്ധീകരിച്ച തമിഴ് ദിനപത്രങ്ങള്‍ക്കെതിരെ മോശമായ ഭാഷയില്‍ പ്രസംഗിച്ച് വിവാദമുണ്ടാക്കിയ രജനിയിതാ മറ്റ് രണ്ട് വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുന്നു. ജഗ്ഗുഭായിയുടെ കഥ ലീക്കാക്കിയതിന് നിര്‍മാതാക്കള്‍ രജനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അതിനിടെ പുതിയ സിനിമകളുടെ ക്യാമറാ പ്രിന്റ് ലീക്കാവുന്ന തീയേറ്ററുകള്‍ക്ക് സിനിമ നല്‍കരുതെന്ന രജനിയുടെ പ്രസ്താവനയോടെ തീയേറ്റര്‍ ഉടമകളും രജനിക്കെതിരെ വാളൊങ്ങുകയാണ്.

കെ‌എസ് രവികുമാര്‍ - ശരത്‌കുമാര്‍ ടീമിന്റെ ജഗ്ഗുഭായ് എന്ന സിനിമ റിലീസാകുന്നതിനും മുമ്പ് ഡിവിഡികളിലും നെറ്റിലും പ്രചരിച്ചതിനെ തുടര്‍ന്ന് തമിഴ് താര സംഘടനയായ നടികര്‍ സംഘം അടുത്ത ദിവസം ഒരു യോഗം കൂടുകയുണ്ടായി. അതില്‍ വച്ചാണ് ജഗ്ഗുഭായ് എന്ന സിനിമയുടെ പ്രമേയം ഫ്രഞ്ച് സിനിമയായ “വാസബി”യില്‍ നിന്ന് എടുത്തിട്ടുള്ളതാണെന്നാണ് രജനി തുറന്നടിച്ചത്.

“കെ‌എസ് രവികുമാര്‍ സംവിധാനം ചെയ്ത ‘ജഗ്ഗുഭായ്’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ സമ്മതിച്ചതാണ്. ഒരു ദിവസം രവികുമാര്‍ എനിക്ക് ഫ്രഞ്ച് സിനിമയായ ‘വാസബി’യുടെ ഡിവിഡി കൊണ്ടുവന്നുതന്നു. ഞാനത് കണ്ടു. സൂപ്പര്‍ സിനിമ! റിട്ടയര്‍ ചെയ്ത ഒരു പൊലീസ് ഉദ്യോഗസ്ഥനെയും അയാളുടെ മകളെയും ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. കോടീശ്വരിയായ തന്റെ മകളെ കാണാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മറ്റൊരു രാജ്യത്ത് പോകുന്നതും അവിടെ ചെല്ലുമ്പോള്‍ തന്റെ മകളെ വധിക്കാനും സ്വത്ത് തട്ടിയെടുക്കാനും ഒരു സംഘം ശ്രമിക്കുന്നത് അയാള്‍ മനസിലാക്കുന്നതും മകളെ രക്ഷിക്കുന്നതുമാണ് കഥ. വയസായ വേഷമായതിനാലാണ് ഞാനത് കൈവിട്ടത്. പിന്നെ, സിനിമയുടെ പേരില്‍ തന്നെ എന്തോ ഒരു പന്തികേട് തോന്നുകയും ചെയ്തിരുന്നു!” - രജനി പറയുകയുണ്ടായി.

സിനിമ ഇറങ്ങുന്നതിന് മുമ്പുതന്നെ, രജനിയെപ്പോലൊരു താരം കഥ ലീക്കാക്കിയത് നല്ല പ്രവണതയല്ല എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ആദ്യത്തെ ഒരാഴ്ച സിനിമ കാണാന്‍ പ്രേക്ഷകര്‍ എത്തുന്നത് സസ്പെന്‍സ് മുന്നില്‍ കണ്ടുകൊണ്ടാണ്. എന്നാല്‍ കഥ ലീക്കാക്കുക വഴി ജഗ്ഗുഭായ് എന്ന സിനിമ പരാജയപ്പെടാന്‍ രജനി വഴിവയ്ക്കുകയാണെന്നാണ് നിര്‍മാതാക്കളുടെ പരാതി. സിനിമ ഇപ്പോള്‍ തന്നെ നെറ്റിലും ഡിവിഡികളിലും ലഭ്യമാണ്. രജനിയുടെ ഈ “കഥ വെളിപ്പെടുത്തല്‍” എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് സമമായി എന്നും അവര്‍ പറയുന്നു.

“വ്യാജ സിഡിയും ഡിവിഡിയും ഇറങ്ങുന്നതിന് പ്രധാന കാരണം തീയേറ്ററുകളും ലാബുകളുമാണ്. ഏതെങ്കിലും തീയേറ്ററില്‍ നിന്ന് സിനിമ ലീക്കായതായി അറിഞ്ഞാല്‍ ആ തീയേറ്റര്‍ അടച്ചുപൂട്ടാനുള്ള വഴി നോക്കണം. ആ തീയേറ്ററിന് നമ്മള്‍ സിനിമ നല്‍‌കാനേ പാടില്ല. ഏതെങ്കിലും ലാബില്‍ നിന്ന് സിനിമ ലീക്കായതായി അറിഞ്ഞാല്‍ ആ ലാബില്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ക്കായി മറ്റൊരു സിനിമയും നല്‍‌കരുത്” - ഇങ്ങിനെ പറഞ്ഞുകൊണ്ടായിരുന്നു രജനി അടുത്ത വിവാദത്തിന് വഴി മരുന്നിട്ടത്.

രജനിയുടെ പ്രസ്താവന പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞ തീയേറ്ററുടമകള്‍ പ്രകോപിതരായി രജനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. തീയേറ്ററുടമകള്‍ മന‌പൂര്‍‌വം വ്യാജ സിഡി/ഡിവിഡി ലോബിക്ക് കൂട്ടുനില്‍‌ക്കുന്നുവെന്നാണ് രജനി സൂചിപ്പിക്കുന്നതെന്ന് തീയേറ്ററുടമകള്‍ ആരോപിക്കുന്നു. കാണികളില്‍ ആരെങ്കിലും ക്യാമറ വച്ച് സിനിമ പകര്‍ത്തിയാല്‍ അത് തീയേറ്ററുടമകളുടെ കുറ്റമായി മുദ്ര കുത്തുന്നത് ശരിയല്ലെന്നും അവര്‍ വാദിക്കുന്നു. കഴിഞ്ഞ ദിവസം തീയേറ്ററുടമകളുടെ സംഘടന യോഗം ചേരുകയും രജനിയുടെ പ്രസ്താവനയില്‍ പ്രതിഷേധിക്കുകയും ചെയ്തു.