ഓണത്തിന് പ്രിയന്‍ - ലാല്‍ ചിത്രം

Webdunia
തിങ്കള്‍, 9 ഫെബ്രുവരി 2009 (14:28 IST)
PROPRO
മോഹന്‍ലാലും പ്രിയദര്‍ശനും ഓണച്ചിത്രവുമായി വരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ശ്രീനിവാസന്‍റെയോ എം ടി വാസുദേവന്‍ നായരുടെയോ തിരക്കഥയിലായിരിക്കും പ്രിയന്‍ ഇത്തവണ മോഹന്‍ലാല്‍ ചിത്രം ഒരുക്കുക.

‘കിളിച്ചുണ്ടന്‍ മാമ്പഴ’മാണ് പ്രിയനും ലാലും ഒന്നിച്ച അവസാന ചിത്രം. ആ ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ആന്‍റണി പെരുമ്പാവൂര്‍ തന്നെയാണ് പുതിയ സിനിമയ്ക്ക് പിന്നിലും പ്രവര്‍ത്തിക്കുന്നത്. ബില്ലു ബാര്‍ബറിന് ശേഷം ഹിന്ദിയില്‍ ഒരു ചെറിയ ഇടവേള പ്രിയന്‍ ആഗ്രഹിക്കുന്നുണ്ട്. ആ സമയത്ത് മലയാള ചിത്രത്തിന്‍റെ ജോലികളുമായി മുന്നോട്ടു പോകാനാണ് പ്രിയന്‍റെ തീരുമാനം.

എം ടി വാസുദേവന്‍ നായര്‍ ഒരു തിരക്കഥ നല്‍കാമെന്ന് പ്രിയദര്‍ശനോട് സമ്മതം അറിയിച്ചിട്ടുണ്ട്. എന്നാല്‍ അത് വൈകുകയാണെങ്കില്‍ മോഹന്‍ലാല്‍ ചിത്രത്തിനായി ശ്രീനിവാസന്‍ തിരക്കഥ രചിക്കുമെന്നും സൂചനയുണ്ട്.

മുന്‍‌പ് എം ടിയുടെ തിരക്കഥയില്‍ മാണിക്യക്കല്ല് എന്ന കഥ സിനിമയാക്കാന്‍ പ്രിയന്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു.

എം ടിയാണ് തിരക്കഥയെഴുതുന്നതെങ്കില്‍ അത് ഒരു ഗൌരവമുള്ള സിനിമയാക്കാനാണ് പ്രിയന്‍ ചിന്തിക്കുന്നത്. മറിച്ച് ശ്രീനിയുടെ തിരക്കഥയാണെങ്കില്‍ ഒരു സമ്പൂര്‍ണ വിനോദചിത്രമായിരിക്കും ലാല്‍ - പ്രിയന്‍ കൂട്ടുകെട്ടില്‍ നിന്ന് ഉണ്ടാവുക.