അനന്തപുരത്തു വീട്: ഷങ്കറിന് നിര്‍ണായകം

Webdunia
ചൊവ്വ, 22 ജൂണ്‍ 2010 (17:50 IST)
PRO
തമിഴിലെ ബ്രഹ്മാണ്ഡ സംവിധായകന്‍ ഒരു ആശയക്കുഴപ്പത്തിലാണ്. ‘എസ്’ പിക്ചേഴ്സിന്‍റെ ബാനറില്‍ ഇനി ചിത്രങ്ങള്‍ നിര്‍മ്മിക്കണോ എന്നാണ് ഷങ്കര്‍ ആലോചിക്കുന്നത്. ഷങ്കര്‍ നിര്‍മ്മിച്ച ‘ഇരട്ടൈച്ചുഴി’ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞതോടെയാണ് നിര്‍മ്മാണം തല്‍ക്കാലം അവസാനിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നത്. കോടികളുടെ നഷ്ടമാണ് എസ് പിക്ചേഴ്സിന് ഇരട്ടൈച്ചുഴി സമ്മാനിച്ചത്.

ഷങ്കര്‍ നിര്‍മ്മിച്ച ‘അനന്തപുരത്തു വീട്’ എന്ന ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ഈ ചിത്രത്തിന്‍റെ ബോക്സോഫീസ് പ്രകടനം ഷങ്കറിനെ സംബന്ധിച്ച് നിര്‍ണായകമാണ്. ചിത്രം പരാജയപ്പെട്ടാല്‍ സിനിമാ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ ഷങ്കര്‍ നിര്‍ബന്ധിതനാകും. നവാഗതനായ നാഗയാണ് അനന്തപുരത്തു വീട് എന്ന സൂപ്പര്‍ നാച്വറല്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്.

23 വര്‍ഷമായി അടഞ്ഞുകിടക്കുന്ന ഒരു വീട്ടിലേക്ക് ഒരു കുടുംബം താമസത്തിനെത്തുമ്പോള്‍ സംഭവിക്കുന്ന കുഴപ്പങ്ങളാണ് അനന്തപുരത്തു വീടിന്‍റെ പ്രമേയം. വീടിനുള്ളിലെ ചില അദൃശ്യ ശക്തികള്‍ അതോടെ പുറത്തുവരുന്നു. ത്രില്ലടിപ്പിക്കുന്ന, ഞെട്ടിക്കുന്ന, ട്വിസ്റ്റുകള്‍ നിറഞ്ഞ, രസകരമായ ഒട്ടേറെ അനുഭങ്ങള്‍ നല്‍കുന്ന ഒരു ചിത്രമായിരിക്കും ഇതെന്ന് സംവിധായകന്‍ നാഗ പറയുന്നു.

നന്ദ, ഛായാ സിംഗ്, മാസ്റ്റര്‍ ആര്യന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മര്‍മദേശം, ചിദംബര രഹസ്യം തുടങ്ങിയ ടെലി സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നാഗ.

മുതല്‍‌വന്‍, കാതല്‍, ഇംസൈ അരസന്‍ 23ആം പുലികേശി, വെയില്‍, കല്ലൂരി, അറൈ എന്‍ 305ല്‍ കടവുള്‍, ഈറം, ഇരട്ടൈച്ചുഴി എന്നിവയാണ് ഷങ്കര്‍ നിര്‍മ്മിച്ച സിനിമകള്‍. അറൈ എന്‍ 305ല്‍ കടവുള്‍, ഇരട്ടൈച്ചുഴി എന്നിവ മാത്രമാണ് ഇവയില്‍ പരാജയം രുചിച്ചവ.