അവൻ മിടുക്കനായിരുന്നു, നല്ലവനായിരുന്നു, തിരിച്ച് വരുമെന്ന് കരുതി കാത്തിരുന്നു, പക്ഷേ....

Webdunia
വെള്ളി, 25 മാര്‍ച്ച് 2016 (10:28 IST)
ഒരു തരത്തിലും ആരേയും വേദനിപ്പിക്കാത്ത മറ്റുള്ളവർക്കു ബുന്ധിമുട്ടുണ്ടാക്കാത്ത മികച്ച വ്യക്തിത്വമായിരുന്നു നടൻ ജിഷ്ണുവിന്റേതെന്നും ഒരുപാട് നല്ല ഓർമകൾ ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയായതെന്നും സിനിമാതാരം ലാലു അലക്സ് അറിയിച്ചു. എല്ലാ കാര്യത്തിനേയും ശുഭാപ്തി വിശ്വാസത്തോടെ സമീപിക്കുന്ന പ്രകൃതക്കാരനായിരുന്നു ജിഷ്ണു എന്നും താരം പറഞ്ഞു.
 
അവൻ മിടുക്കനയായിരുന്നു നല്ലവനായിരുന്നു തിരികെ വരാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ജിഷ്ണുവും താനും ഒരുമിച്ച് അഭിനയിച്ച് അവസാന സിനിമ ഓർഡിനറിയാണ്. ഒരിക്കൽ വിധിയെ തോ‌ൽപിച്ച് തിരികെ വന്നപ്പോഴാണ് ജിഷ്ണു ആ സിനിമയിൽ അഭിനയിച്ചത്. ഈ ദിവസം തന്നെ അദ്ദേഹം പോയത് ശരിയാണെന്ന് തോന്നുന്നു, കാരണം ഇന്ന് ദു:ഖ വെള്ളിയാണ് എന്നും താരം അറിയിച്ചു.
 
അർബുദ ബാധയെത്തുടർന്ന് ദീർഘകാലമായി ചികി‌ത്സയിലായിരുന്ന നടൻ ജിഷ്ണു ഇന്ന് രാവിലെയാണ് മരിച്ചത്. മരണം കൊച്ചിയിലെ അമൃതാ ആശുപത്രിയിലായിരുന്നു.കണ്ണൂർ സ്വദേശിയായ ജിഷ്ണു പ്രമുഖ നടൻ രാഘവന്റേയും ശോഭയുടേയും മകനാണ്. രോഗത്തെത്തുടർന്ന് താൻ ജീവിതത്തിലേക്കും സിനിമയിലേക്കും മടങ്ങി വരുമെന്ന് ആരാധകർക്ക് ജിഷ്ണു വാക്ക് നൽകിയിരുന്നു. എന്നാൽ ആ വാക്ക് പാലിക്കാൻ കഴിയാതെ ജിഷ്ണുവിനെ വിധി കീഴടക്കുകയായിരുന്നു.