ഇന്ദ്രജിത്ത് ആമയെപ്പോലെയാണെന്ന് അടുത്തിടെ ഒരു മാഗസിന്‍ നടത്തിയ നിരീക്ഷണമാണ്. മുയലിനൊപ്പം ഓടാനിറങ്ങി. വഴിയില്‍ കിടന്ന് ഉറങ്ങിപ്പോയ മുയലിനെ ഈസിയായി മറികടന്ന് ഇപ്പോള്‍ ആമ മുന്നേറുകയാണ്. വിജയത്തിന്‍റെ പല ഫിനിഷിംഗ് പോയിന്‍റുകള്‍ മറികടന്നുകഴിഞ്ഞു.
ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് ഇപ്പോള്‍ നല്ല ബിസിനസ് ലഭിക്കുന്ന കാലമാണ്. ‘ഈ അടുത്ത കാലത്ത്’ എന്ന ചിത്രം നന്നായി ഓടി. ബാച്ച്‌ലര്‍ പാര്‍ട്ടിയില്‍ ഇന്ദ്രജിത്തിന്‍റെ പ്രകടനം ഗംഭീരമായെന്ന് ആരും പറയും. ‘മുല്ലമൊട്ടും മുന്തിരിച്ചാറും’ ഇന്ദ്രജിത്തിന്‍റെ പുതിയ ചിത്രം.
ഇന്ദ്രജിത്തും ന്യൂ ജനറേഷന്‍ സിനിമകളിലെ ഒഴിച്ചുകൂടാനാകാത്ത വിഭവമായ ഫഹദ് ഫാസിലും നായകന്‍മാരാകുന്ന ഒരു സിനിമ വരുന്നു. ചിത്രത്തിന്‍റെ പേര് ‘ആമേന്‍’. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പള്ളീലച്ചനായി ഇന്ദ്രജിത്തും കപ്യാരായി ഫഹദ് ഫാസിലും വേഷമിടുന്നു.
ലിജോ ജോസ് പല്ലിശേരി മുമ്പ് സംവിധാനം ചെയ്ത നായകന്‍, സിറ്റി ഓഫ് ഗോഡ് എന്നീ സിനിമകളിലും ഇന്ദ്രജിത്തിനായിരുന്നു നായകവേഷം. നല്ല സിനിമകളായിരുന്നിട്ടും അവയ്ക്ക് പ്രേക്ഷകരുടെ തിരസ്കാരം ഏറ്റുവാങ്ങാനായിരുന്നു വിധി.