പ്രവാസി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരാണോ നിങ്ങള്‍? ഈ സര്‍ട്ടിഫിക്കറ്റ് ഉടന്‍ സമര്‍പ്പിക്കുക

രേണുക വേണു

ചൊവ്വ, 11 മാര്‍ച്ച് 2025 (08:48 IST)
കേരള പ്രവാസി കേരളീയ ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, അവശതാ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവര്‍ 2025 വര്‍ഷത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റ് മാര്‍ച്ച് 31 നകം സമര്‍പ്പിക്കേണ്ടതാണ്. നാട്ടിലുള്ള പെന്‍ഷന്‍കാര്‍ ബോര്‍ഡ് നിഷ്‌കര്‍ഷിച്ചിട്ടുള്ള മാതൃകയില്‍ ഉള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ്, ഗസറ്റഡ് ഓഫീസര്‍ മുഖാന്തിരം സാക്ഷ്യപ്പെടുത്തി, തപാലില്‍ തിരുവനന്തപുരം ഹെഡ് ഓഫീസിലേക്ക് അയച്ചു നല്‍കേണ്ടതാണ്. 
 
തിരുവനന്തപുരം തൈക്കാട് സ്ഥിതി ചെയ്യുന്ന ഹെഡ് ഓഫീസ്, എറണാകുളം, കോഴിക്കോട് ജില്ലകളിലുള്ള റീജിയണല്‍ ഓഫീസ്, മലപ്പുറം ജില്ലയിലുള്ള ലേയ്സണ്‍ ഓഫീസ് എന്നിവിടങ്ങളില്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് നേരിട്ട് എത്തി ഒപ്പിടുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
നിലവില്‍ വിദേശത്ത് ഉള്ളവര്‍ക്ക് ഇന്ത്യന്‍ എംബസി മുഖാന്തരം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാവുന്നതാണ്. അതിനു സാധിക്കാത്തവര്‍ക്ക് വിദേശത്തുള്ള പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ്, ഡയറക്ടറുടെ ഇ മെയില്‍ മുഖാന്തരവും ബോര്‍ഡിലേക്ക് അയക്കാവുന്നതാണ്. 
 
ആധാര്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ലാത്ത പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പില്‍ മെമ്പര്‍ഷിപ്പ് നമ്പര്‍ രേഖപ്പെടുത്തി ലൈഫ് സര്‍ട്ടിഫിക്കറ്റിനൊപ്പം അയച്ചു നല്‍കേണ്ടതാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ മാതൃക, വിദേശത്തുള്ള ഡയറക്ടര്‍മാരുടെ വിവരങ്ങള്‍ എന്നിവ അറിയാന്‍ www.pravasikerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍