യൂട്യൂബില്‍ കണ്ട അമിതമായ ശരീരഭാരം കുറയ്ക്കല്‍ ഭക്ഷണക്രമം പിന്തുടര്‍ന്നതിനെ തുടര്‍ന്ന് 18 വയസ്സുള്ള പെണ്‍കുട്ടി മരിച്ചു. കണ്ണൂരിലെ കൂത്തുപറമ്പ് നിവാസിയായ എം ശ്രീനന്ദ മാസങ്ങളായി പൂര്‍ണ്ണമായും വെള്ളം മാത്രം കുടിച്ചു ജീവിച്ചുവെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
മട്ടന്നൂര്‍ പഴശ്ശി രാജ എന്‍എസ്എസ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ശ്രീനന്ദയെ ഒരാഴ്ച മുമ്പ് കടുത്ത ക്ഷീണവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലായിരുന്ന ശ്രീനന്ദ ശനിയാഴ്ച രാത്രിയാണ് മരിച്ചത്. ശ്രീനന്ദയെ ചികിത്സിച്ച ഡോക്ടര്‍ നാഗേഷ് പ്രഭു, ശ്രിനന്ദക്ക് അനോറെക്‌സിയ നെര്‍വോസ എന്ന ഗുരുതരമായ ഭക്ഷണ ക്രമക്കേട് ഉണ്ടെന്ന് സ്ഥിരീകരിച്ചു. ശരീരഭാരം കൂടുമോ എന്ന ഭയം ഇതിന്റെ സവിശേഷതയാണ്.
ആറുമാസത്തോളമായി ശ്രീനന്ദ പട്ടിണി കിടക്കുകയായിരുന്നു. എന്റെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ നേരത്തെ അവരുടെ കുടുംബത്തോട് മാനസിക സഹായം തേടാന്‍ ഉപദേശിച്ചിരുന്നു, പക്ഷേ അവര്‍ രോഗത്തിന്റെ ഗൗരവം കുറച്ചുകാണുകയായിരുന്നുവെന്നും,' അദ്ദേഹം പറഞ്ഞു. ഭക്ഷണശീലങ്ങളെ മാത്രമല്ല, ആഴത്തിലുള്ള മാനസിക വേരുകളുമുള്ള ഒരു സങ്കീര്‍ണ്ണമായ രോഗമാണ് അനോറെക്‌സിയ നെര്‍വോസ.